സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാക്കളടക്കം ആറ് പേർ അറസ്റ്റിലായി. ബത്തേരി ചെതലയം തൈതൊടിയിൽ ഇഷാൻ (19), ബത്തേരി മൈതാനിക്കുന്ന് തട്ടയിൽ വീട്ടിൽ എൻ. ഷിയാസ് (19), ബത്തേരി മൂലങ്കാവ് വടച്ചിറ തട്ടാരതൊടിയിൽ വീട്ടിൽ സച്ചിൻ (22), ബത്തേരി ഒന്നാംമൈൽ കുപ്പാടി മറ്റത്തിൽവീട്ടിൽ ജോസിൻ ടൈറ്റസ് (20) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബൈക്കുകൾ വാങ്ങി ഉപയോഗിച്ചതിന്റെ പേരിൽ ബത്തേരി ചെതലയം തൈതൊടിയിൽ അബ്ദുൾ സലാം (21), ചെതലയം ആറാംമൈൽ കുതൊടിയിൽ വീട്ടിൽ തുഷാർ കെ. ദിവാകരൻ (19) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബത്തേരി പോലീസ് ഇൻസ്പെക്ടർ എം.ഡി. സുനിൽ, എസ്ഐമാരായ അജേഷ്കുമാർ, മണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മോഷണം നടത്തിയ ആറ് ബൈക്കുകളിൽ നാലെണ്ണം പോലീസ് ഇതിനകം തന്നെ കണ്ടെടുത്തിട്ടുണ്ട്. ബൈക്കുകളുടെ ഹാന്റിൽ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകൾ കണക്ട് ചെയ്ത് ബൈക്കുകൾ സ്റ്റാർട്ടാക്കിയാണ് സംഘം മോഷണം നടത്തിയിരുന്നത്. ഈ മാസം 18ന് ചെതലയത്ത് വെച്ച് ആഡംബര ബൈക്കുകളോടിച്ച് ആളുകൾക്കിടയിൽ ഭീതി പരത്തിയതിന് നാല് പേരുടെ പേരിൽ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ബൈക്കുകളുടെ രജിസ്ട്രേഷൻ നന്പർ വ്യാജമാണെന്ന് വ്യക്തമായത്. തുടർന്ന് ബൈക്കോടിച്ച അബ്ദുൾ സലാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇഷാനിൽ നിന്നുമാണ് ബൈക്ക് വാങ്ങിയതെന്നും കർണാടക നന്പർ മാറ്റി ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയത്. തുടർന്നാണ് ഇഷാൻ, ഷിഹാസ്, സച്ചിൻ, ജോസിൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ഒരുമാസം മുന്പ് യശ്വന്ത്പുര എന്ന സ്ഥലത്ത് നിന്ന് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ വിലവരുന്ന ആറ് ആഡംബര ബൈക്കുകൾ മോഷ്ടിച്ചതായി ഇവരിൽ വിവരം ലഭിച്ചു. ഈ ബൈക്കുകൾ സംഘം ബത്തേരി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വിൽപ്പന നടത്തിയത്. അറസ്റ്റിലായ ഇഷാൻ, ഷിഹാസ് എന്നിവർക്കെതിരെ ബത്തേരി സ്റ്റേഷനിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയതിന്റെ പേരിലും ജോസിൻ മറ്റൊരു കേസിലും പ്രതിയാണ്.
പ്രതികളുടെ അന്തർ സംസ്ഥാനബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു.