കൊച്ചി: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനു തടസങ്ങള്‍ ഉണ്ടാക്കും.
കാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിനു നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്ഹമായിട്ടില്ല എന്ന് ഉറപ്പാക്കാം.
ശിക്ഷാര്‍ഹരായവര്‍ ഉടന്‍ പിഴയടച്ച് നിയമനടപടികളില്‍നിന്ന് ഒഴിവാകണമെന്നും ഇതുസംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുകയില്ലെന്നും ആര്‍ടിഒ അറിയിച്ചു.