തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലുമായി വാഗമണ്ണിൽ പിടിയിലായ ഏഴു പേരിൽ ആറു പേർക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പിടിയിലായ യുവതി ഉൾപ്പെടെ ആറു പേർക്കാണ് പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കോഴിക്കോട് ആയഞ്ചേരി കളിയമാക്കൽ മുഹ്സീന (20), പൂഞ്ഞാർ മറ്റക്കാട് മുളയ്ക്കൽ പറന്പിൽ അജ്മൽ ഷാ (23), തിരുവനന്തപുരം കുടപ്പനമൂട് സലജ ഭവനിൽ സിദ്ധു (24), കുമളി അട്ടപ്പള്ളം സ്വദേശി പാറയിൽ നവീൻ ബാബു (23), കോഴിക്കോട് ബാലുശേരി പുത്തൂർവട്ടം തയ്യിൽ അഖിൽ രാജ് (24), ആലുവ മില്ലുപടി പി.കെ. ഹൗസിൽ മുഹമ്മദ് ഷിയാദ്(24), തമിഴ്നാട് കന്യാകുമാരി അഴീക്കൽ അറുതഗുണവിളൈ സ്വദേശി രഞ്ജിത്ത് (29)എന്നിവരെയാണ് വാഗമണ്‍ സിഐ ജയ സനിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസറ്റു ചെയ്തത്.
ഇതിൽ മുഹമ്മദ് ഷായെ റിമാൻഡ് ചെയ്തു. കേസന്വേഷണം പൂർത്തിയാകുന്നതുവരെ മറ്റു കേലുകളിൽ ഉൾപ്പെടരുതെന്നും അങ്ങിനെ വന്നാൽ ജാമ്യം റദ്ദാക്കുമെന്നുള്ള കർശന ഉപാധികളോടെയാണ് മറ്റുള്ളവർക്ക് ജാമ്യം അനുവദിച്ചത്.
ഇതിനിടെ പോലീസ് അറസ്റ്റു ചെയ്ത് മുഹ്സീനയെ വടകര പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. മുഹ്സിനയെ കാണാനില്ലെന്ന് കാട്ടി ഇവരുടെ പിതാവ് വടകര പോലീസിൽ പരാതി നൽകിയിരുന്നു.
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവർ മുഹമ്മദ് ഷായുമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെയാണ് ഒൻപത് ഗ്രാം കഞ്ചാവും ഒരു മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പ്രതികൾ പിടിയിലായത്.