ഉപ്പുതറ: വാഗമണ്‍ ലഹരി നിശാപാർട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നിശാപാർട്ടിയിൽ പങ്കെടുത്തതിനാലാണ് ഡിജിപിയുടെ ഉത്തരവിനെ തുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ 20 നാണ് വാഗമണ്‍ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത്.യുവതികൾ ഉൾപ്പെടെ 49 പോരാണ് ഇതിൽ പങ്കെടുത്തത്.
ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ നടത്തിയ റെയ്ഡിൽ എൽ എസ് ഡി, ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. പാർട്ടി സംഘടിപ്പിച്ച ഒരു യുവതിയടക്കം ഒൻപതു പേരെ അറസ്റ്റുചെയ്തിരുന്നു.
ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ. മധുവിനാണ് അന്വേഷണ ചുമതല.
നിശാപാർട്ടിയിൽ പങ്കെടുത്തവരിൽ 24 യുവതികളും ഉണ്ടായിരുന്നു.ഇവരെ സാക്ഷിപ്പട്ടികയിൽപ്പെടുത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു.
വാഗമണിൽ നിശാപാർട്ടി നടത്തിയ സംഘം കൊച്ചിയിലും മൂന്നാറിലും പാർട്ടി നടത്തിയ ശേഷമാണ് വാഗമണിൽ പാർട്ടി സംഘടിപ്പിച്ചത്.
മോഡലായ യുവതിയും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. തൊടുപുഴ സ്വദേശിയായ അജ്മലാണ് കേസിലെ ഒന്നാം പ്രതി. വാഗമണ്ണിൽ ഒൻപതു പേർക്കായി ബുക്ക് ചെയ്ത റിസോർട്ടിൽ എത്തിയത് 53 പേരാണ്. ഇവരിൽ 24 പേർ വിദ്യാസന്പന്നരായ യുവതികളാണ്.
സംഘത്തിന് മയക്കു മരുന്ന് എത്തിച്ച് കൊടുക്കുന്നത് മുംബൈയിലെയും ഡൽഹിയിലെയും സംഘങ്ങളാണെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമ-സീരിയൽ രംഗത്തുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ കൂടുതൽ പേർ കുടുങ്ങിയേക്കും.
കഴിഞ്ഞ മാസം 23നു പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെയാണ് അവസാനിച്ചത്. ഇതേ ത്തുടർന്നു പ്രതികളെ ഇന്നലെ മുട്ടം കോടതിയിൽ ഹാജരാക്കി ഈ മാസം 14 വരെ വീണ്ടും മുട്ടം സബ്ജയിലിൽ റിമാൻഡ് ചെയ്തു.
അതേ സമയം കസ്റ്റഡിയിലാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി ഇന്നലെ പരിഗണിച്ചില്ല.
പബ്ലിക് പ്രോസിക്യൂട്ടർ,അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരാരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല.ഇതിനിടെ വാഗമണ്ണിലെ നിശാപാർട്ടിക്കായി എത്തിച്ച മയക്കുമരുന്നു പിടികൂടിയ സംഭവത്തിലെ അന്വേഷണം പ്രഹസനമായി മാറുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.