കായംകുളം: ശിശുദിനത്തെ ചിലർ ആഘോഷമാക്കി മാറ്റുന്പോൾ കാൻസർ രോഗികൾക്കായി വിഗ് നിർമിച്ചു നൽകാൻ സ്വന്തം മുടി മുറിച്ചുനൽകി അഞ്ചു വയസുകാരി മാതൃകയായി.
ചെങ്ങന്നൂർ പെണ്ണുക്കര വിശ്വനിവാസിൽ രഞ്ജിത്തിന്റെയും രേവതിയുടെ മകൾ ചെങ്ങന്നൂർ അങ്ങാടിക്കൽ എംഎംഎആർ സെൻട്രൽ സ്കൂളിലെ യുകെജി വിദ്യാർഥിനിയായ വൈഗ രഞ്ജിത്താണ് കാരുണ്യ പ്രവർത്തനത്തിലൂടെ കുട്ടികൾക്കാകെ മാതൃകയായത്.
തന്റെ 12 ഇഞ്ച് മുടിയാണ് വൈഗ കാൻസർ രോഗികൾക്കായി ദാനം നൽകിയത്. ഭരണിക്കാവ് തെക്ക് പ്രവർത്തിച്ചുവരുന്ന തത്ത്വമസി എന്ന ജീവകാരുണ്യ സംഘടനയുടെ രക്ഷാധികാരി ബാബുകുട്ടന്റെ നേത്യത്വത്തിൽ കായംകുളം ചേതനയിൽ എത്തി ഡയറക്ടർ ഫാ. ബിന്നി നെടുംപുറത്തിന്റെ സാന്നിധ്യത്തിലാണ് വൈഗ മുടി മുറിച്ചു നല്കിയത്.
ചേതനയുടെ വിഗ് നിർമിച്ച് നൽകുന്ന കാൻസർ കാരുണ്യ പദ്ധതിയിലേക്കാണു മുടി നല്കിയത്. കേശദാന സർട്ടിഫിക്കറ്റ് ഫാ. ബിന്നി നെടുംപുറത്ത് വൈഗയ്ക്കുനൽകി കുട്ടിയെ അഭിനന്ദിച്ചു. തത്ത്വമസി പ്രസിഡന്റ് ഓമനകുട്ടൻ വൈസ് പ്രസിഡന്റ് വിഷ്ണു, പ്രോഗ്രാം കോ-ഓർഡിനേറ്റർ സജികുമാർ മെംബർ ശശി, അംഗങ്ങളായ ഷാജി, ബാബു, കാർത്തികേയൻ കറ്റാനം രാധാകൃഷ്ണൻ, ശശികല, ആശാകിരണം കോ-ഓർഡിനേറ്റർ ഷൈനി ആൻഡ്രൂസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.