കാക്കനാട്: കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന്റെ മകൾ വൈഗ (13) യുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സംശയം.
പെൺകുട്ടിയുടെ പിതാവ് സാനു മോഹനെ (40) തേടി അന്വേഷണസംഘം തമിഴ്നാട്ടിലേക്കു തിരിച്ചു.
സംഭവത്തെത്തുടർന്നു കാണാതായ സാനു മോഹന്റെ കാർ വാളയാർ ചെക്ക്പോസ്റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
വൈഗയെ ഞായറാഴ്ച രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ടു കൊന്നശേഷം സാനു മോഹൻ തമിഴ്നാട്ടിലേക്കു കടന്നതായാണു പോലീസ് സംശയിക്കുന്നത്.
ഇയാൾക്കു വൻ കടബാധ്യതകൾ ഉണ്ടായിരുന്നു. താമസിച്ചിരുന്ന ഫ്ളാറ്റിൽതന്നെ അഞ്ചോളം പേർക്കു പണം കൊടുക്കാനുണ്ടായിരുന്നു.
ഇവർ പരാതി നല്കിയിട്ടുണ്ട്. കുറച്ചുകാലം പൂനയിൽ ജോലി ചെയ്തിരുന്ന സാനുമോഹനെതിരേ അവിടെ ചെക്ക് കേസുള്ളതായും വിവരം ലഭിച്ചു.
സാനു മോഹന്റെ ഭാര്യ രമ്യയെയും ബന്ധുക്കളെയും അന്വേഷണസംഘം ഇന്ന് ആലപ്പുഴയിൽ എത്തി ചോദ്യം ചെയ്യും.
സാനു കുടുംബസമേതം താമസിച്ചിരുന്ന ഫ്ലാറ്റിലെ കിടപ്പുമുറിയിൽ പോലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ ചോരപ്പാടുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
കഴിഞ്ഞ ഞായറാഴ്ച കുട്ടിയുടെ അമ്മയെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ വീട്ടിലാക്കിയശേഷം മടങ്ങിയ സാനുവിനെയും മകളെയും കാണാതാവുകയായിരുന്നു.
കളമശേരി, തൃക്കാക്കര പോലീസ് സംയുക്തമായാണു കേസന്വേഷണം. സാനുവിനായി മുട്ടാർ പുഴയിൽ നടത്തിയിരുന്ന തെരച്ചിൽ പോലീസും അഗ്നിരക്ഷാസേനയും അവസാനിപ്പിച്ചു.