കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ടായിരുന്നു. എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. ഉച്ച കഴിഞ്ഞ് ശിക്ഷാ വിധിയിൽ വാദം നടക്കും. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈഗയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷമാണ് സനുമോഹൻ പുഴയിലെറിഞ്ഞ് കൊന്നത്.
അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കായംകുളത്തെ വീട്ടില്‍ നിന്ന് വൈഗയുമായി പുറപ്പെട്ട സനുമോഹന് കങ്ങരപ്പടിയിലുള്ള തന്റെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയില്‍വച്ച് ഇയാൾ കൊക്കക്കോള വാങ്ങി അതിൽ മദ്യം കലർത്തിയ ശേഷം കുട്ടിക്ക് നൽകി.
തുടർന്ന് കുട്ടിയോടൊപ്പം ഫ്ലാറ്റിലെത്തിയ പ്രതി കുട്ടിയെ മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നാലെ കുട്ടിയെ ബെഡ് ഷീറ്റിൽ ചുറ്റിയെടുത്ത ശേഷം കാറിന്റെ പിൻ സീറ്റിലിട്ട് രാത്രി 10.30 ഓടെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്.
കൃത്യം നടത്തിയത് ശേഷം സംസ്ഥാനം വിട്ട സനുമോഹൻ ആദ്യം കോയമ്പത്തൂരിലേക്കാണ് പോയത്. കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണവും ഇയാൾ കൈക്കലാക്കിയിരുന്നു. ആഭരണം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് വിദേശത്തേക്ക് മുങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. ഒരു മാസത്തോമെടുത്താണ് ബംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ പിടികൂടിയത്.
കൊലപാതകം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 78 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 300 സാക്ഷിമൊഴികളാണുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് തെളിവകള്‍ ശേഖരിച്ചത്. സനുമോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കട ബാധ്യതകളുള്ള സനുമോഹന് ഏറെക്കാലം ഒളിവില്‍ കഴിയാന്‍ തീരുമാനിച്ചിരുന്നെന്നും ഈ സമയം മകളെ മറ്റാരും നോക്കില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് മൊഴി.