കൊച്ചി: കൊച്ചിയിലെ വൈഗ(10) കൊലക്കേസില്‍ പ്രതിയായ അച്ഛന് സനുമോഹന് ജീവപര്യന്തം ശിക്ഷ. വിവിധ വകുപ്പുകളിലായി 28 വര്‍ഷത്തെ കഠിനതടവും 1.75 ലക്ഷം പിഴയുമാണ് എറണാകുളത്തെ പ്രത്യേക കോടതി വിധിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, മദ്യം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. അപൂര്‍വത്തിൽ അപൂര്‍വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് വിധി.
70 വയസുള്ള അമ്മയെ നോക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല.
ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈഗയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷമാണ് സനുമോഹൻ പുഴയിലെറിഞ്ഞ് കൊന്നത്.
അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കായംകുളത്തെ വീട്ടില്‍ നിന്ന് വൈഗയുമായി പുറപ്പെട്ട സനുമോഹന് കങ്ങരപ്പടിയിലുള്ള തന്റെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയില്‍വച്ച് ഇയാൾ കൊക്കക്കോള വാങ്ങി അതിൽ മദ്യം കലർത്തിയ ശേഷം കുട്ടിക്ക് നൽകി.
തുടർന്ന് കുട്ടിയോടൊപ്പം ഫ്ലാറ്റിലെത്തിയ പ്രതി കുട്ടിയെ മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നാലെ കുട്ടിയെ ബെഡ് ഷീറ്റിൽ ചുറ്റിയെടുത്ത ശേഷം കാറിന്റെ പിൻ സീറ്റിലിട്ട് രാത്രി 10.30 ഓടെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്.
കൃത്യം നടത്തിയത് ശേഷം സംസ്ഥാനം വിട്ട സനുമോഹൻ ആദ്യം കോയമ്പത്തൂരിലേക്കാണ് പോയത്. കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണവും ഇയാൾ കൈക്കലാക്കിയിരുന്നു. ആഭരണം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് വിദേശത്തേക്ക് മുങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. ഒരു മാസത്തോമെടുത്താണ് ബംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ പിടികൂടിയത്.
കൊലപാതകം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 78 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 300 സാക്ഷിമൊഴികളാണുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് തെളിവകള്‍ ശേഖരിച്ചത്. സനുമോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കട ബാധ്യതകളുള്ള സനുമോഹന് ഏറെക്കാലം ഒളിവില്‍ കഴിയാന്‍ തീരുമാനിച്ചിരുന്നെന്നും ഈ സമയം മകളെ മറ്റാരും നോക്കില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് മൊഴി.