വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ പ്രസിദ്ധമായ അഷ്ടമി ഉത്സവ ദര്‍ശനപുണ്യം നേടി ആയിരങ്ങള്‍. ഇന്നലെ രാത്രി തന്നെ അഷ്ടമിദര്‍ശനത്തിനായി വൃതശുദ്ധിയോടെ എത്തിയ ഭക്തര്‍ നിരയില്‍ ഇടം പിടിച്ചിരുന്നു ക്ഷേത്രനട ദര്‍ശനത്തിനായി തുറന്നപ്പോള്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. ക്ഷേത്രത്തിന്റെ നാലു നടകളില്നിന്നു നിരത്തിലേയ്ക്കു മീറ്ററുകള്‍ നീണ്ട ഭക്തരുടെ നിരയാണ് അനുഭവപ്പെട്ടത്.
ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആഘോഷമാണ് വൈക്കത്തഷ്ടമി ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങള്‍ കൂപ്പുകൈയായി ഉയരുന്ന മുഹൂര്‍ത്തത്തില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്റെ സര്‍വാഭരണ വിഭൂഷിതമായ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടുന്നതാണ് അഷ്ടമിദര്‍ശനം.
രാവിലെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം.ശ്രീപരമേശ്വരനെ സംപ്രീതനാക്കാന്‍ കൊടും തപസനുഷ്ഠിച്ച വ്യാഘ്രപാദമഹര്‍ഷിക്ക് കൃഷ്ണാഷ്ടമി ദിനത്തില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ശ്രീപാര്‍വതി സമേതനായി ദിവ്യദര്‍ശനം നല്കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം.
അഷ്ടമിദിനത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്നവര്‍ക്ക് വരപ്രസാദം ലഭിക്കുമെന്നാണു വിശ്വാസം. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്ത് അഷ്ടമി നാളില്‍ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ഒരുക്കുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും പ്രാതല്‍ നല്‍കും. 70 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രാതല്‍ കഴിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കും.
വെക്കം കായലോര ബീച്ചിലെ അഷ്ടമി ഫെസ്റ്റിലും തിരക്കേറി. വിവിധ വിനോദ പരിപാടികളോടെ സംഘടിപ്പിച്ച ഫെസ്റ്റ് കുട്ടികള്‍ക്കും മുതിർന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമാകുകയാണ്.