ഒറ്റപ്പാലം: നെല്ല് നൂറുമേനിയില്ല… വൈക്കോലിൽ കർഷകനു പൊന്നിൻ വില. അന്യസംസ്ഥാനങ്ങളിലേക്കു കയറ്റിപോകുന്ന വൈക്കോലിന് ഇത്തവണ പൊന്നിൻ വില കിട്ടിയ സന്തോഷത്തിലാണ് കർഷകർ.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലിത്തിരി കുറഞ്ഞെങ്കിലും വൈക്കോലിനു ലഭിക്കുന്ന വിലയിൽ നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കർഷകർ. വൈക്കോൽ കെട്ടിന് 300 രൂപ വരെ വില ലഭിക്കുന്നുണ്ട്.
വിവിധ പ്രതിസന്ധികൾ നേരിട്ട കർഷകർക്ക് ഇതുവലിയ അനുഗ്രഹമായി തീർന്നിരിക്കുകയാണ്.കൊയ്ത്തുകഴിഞ്ഞതും തുടങ്ങിയതുമായ പാടശേഖരങ്ങൾ വൈക്കോലിനു നല്ല ഡിമാന്റുണ്ട്.
ഇതുകൊണ്ടുതന്നെ നല്ല വിലയിൽ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കർഷകർ. നെല്ലിന്റെ നഷ്ടക്കണക്കുകൾ നികത്താൻ കർഷകന്റെ ഇപ്പോഴത്തെ ചെറിയ ആശ്രയമായി വൈക്കോൽ മാറിയിട്ടുണ്ട്.
കഴിഞ്ഞവർഷം 110-170 രൂപവരെ വില ലഭിച്ച കെട്ടുകൾക്കാണ് ഈ വർഷം കൂടുതൽ തുക കർഷകർക്കു ലഭിക്കുന്നത്. ഒരു ചുരുട്ട് വൈക്കോൽ വിൽക്കുന്പോൾ നാലുരൂപ മുതൽ അഞ്ചുരൂപ വരെയാണ് ലഭിച്ചിരുന്നത്. യന്ത്രമുപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കണമെങ്കിൽ കർഷകന് 30-35 രൂപ ചെലവും വരും.
ഒരേക്കറിൽനിന്ന് 50-60 വരെയാണ് വൈക്കോൽ കെട്ടുകൾ ലഭിക്കുക. ഉയരം കൂടിയതും കൂടുതൽ ചിനപ്പുള്ളതുമായ പൊന്മണിയുടെ വൈക്കോലിനാണ് നാട്ടിൻപുറത്തു കൂടുതൽ ആവശ്യക്കാർ.
കൃഷിയില്ലാത്ത ക്ഷീരകർഷകരും കന്നുകാലിഫാമുകളും വൈക്കോൽ ശേഖരിക്കുന്നതാണ് വൈക്കോൽ വില കൂടാൻ കാരണം.ചന്തകൾ തുടങ്ങിയതോടെ വൈക്കോലിനും കച്ചവടം വർധിച്ചിരിക്കുകയാണ്.
നേരത്തെ കൊയ്ത്തുകഴിയുന്ന കർഷകർക്ക് ഇതോടെ കൂടുതൽ വിലയും ലഭിക്കുന്നുണ്ട്. കൂടുതൽ കൊയ്ത്തു കഴിയുന്നതോടെ വില കുറഞ്ഞേക്കാമെന്നു കച്ചവടക്കാർ പറയുന്നു.
എറണാകുളം, തൃശൂർ ഭാഗത്തേക്കാണ് കൂടുതലും ഇവിടെ നിന്ന് വൈക്കോൽ കൊണ്ടുപോകുന്നത്.ഏജൻറുമാർ സംഭരിക്കുന്ന വൈക്കോലുകൾ മഴക്കാലത്ത് ഇരട്ടിവിലയിലാണ് വിൽക്കുക.
കാലംതെറ്റിവന്ന മഴ കാരണം കൊയ്യാറായ പല പാടശേഖരങ്ങളിലും വലിയ നാശങ്ങൾ വന്നിരുന്നു. വെള്ളം കാരണം പല കൃഷിയിടങ്ങളിലേക്കും കൊയ്ത്തുയന്ത്രം ഇറക്കാൻ പറ്റാത്ത അവസ്ഥയുമുണ്ടായി. കൊയ്ത്തുയന്ത്രം ഇറക്കിയാൽത്തന്നെ വൈക്കോൽ പാടത്തെ ചെളിയിൽ വീണുനശിക്കുകയും ചെയ്യും.
ഇതോടെ പല ഭാഗങ്ങളിലും തൊഴിലാളികളെ ഉപയോഗിച്ചാണ് കൊയ്തെടുക്കുന്നത്. കൊയ്ത്തു തുടങ്ങിയതോടെ തൊഴിലാളികൾക്കും ക്ഷാമമാണ്.
അതുപോലെതന്നെ കാട്ടുപന്നികൾ നെല്ലുകൾ നശിപ്പിച്ച ഭാഗങ്ങളിൽനിന്ന് നെല്ലിനുപുറമേ വൈക്കോൽപോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും കർഷകർ പറയുന്നു.
തരിശുഭൂമികളിൽ കൂടി ഇത്തവണ കൂടുതൽ വിളവിറക്കിയെ ങ്കിലും ഇത്തവണയും ഉൽപാദനമികവ് അവകാശപ്പെടാൻ ഉണ്ടാകില്ലെന്നാണു സൂചന.
മുൻവർഷങ്ങളിൽ ഉൽപ്പാദിപ്പിച്ച നെല്ലിന്റെ അളവു തന്നെയായിരിക്കും ഇത്തവണയും ഉണ്ടാകാൻ പോകുന്നതെന്നാണു കർഷകർ പറയുന്നത്.