ഇരിങ്ങാലക്കുട: പട്ടണത്തിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചക്കാലമായി നടന്നുവരുന്ന സിനിമ ചിത്രീകരണത്തിൽ പോലീസ് ഇടപെടൽ. ഷെയ്ൻ നിഗം നായകനായുള്ള വെയിൽ എന്ന സിനിമയുടെ ചിത്രീകരണമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നടന്നുവരുന്നത്.
നടനും നിർമാതാവും നടനും സംവിധായകനും തമ്മിലുള്ള തർക്കങ്ങളുടെ പേരിൽ ഏറെ വിവാദമായ ചിത്രം, തർക്കങ്ങൾ പരിഹരിച്ച ശേഷമുള്ള അവസാനഘട്ട ഷൂട്ടിംഗാണ് നടന്നുവരുന്നത്.
എന്നാൽ കോവിഡ് 19 മായി ബന്ധപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമ ചിത്രീകരണങ്ങൾ എല്ലാം നിർത്തിവെച്ചിട്ടും ഇരിങ്ങാലക്കുടയിൽ സിനിമ ചിത്രീകരണം തുടർന്ന് വരികയായിരുന്നു.
പരാതികൾ ഉയർന്നതിനെ തുടർന്ന് അയ്യങ്കാവ് പരിസരത്ത് നടന്ന സിനിമ ചിത്രീകരണത്തിന്റെ സെറ്റിൽ എത്തി എസ്ഐ പി.ജി. അനൂപ് വിവരങ്ങൾ ആരാഞ്ഞ് ബന്ധപ്പെട്ടവരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സംസ്ഥാനം നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ ചിത്രീകരണം നിർത്തിവയ്ക്കുന്നതാണ് ഉചിതമെന്ന് ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരോട് അമ്മ സെക്രട്ടറി ഇടവേള ബാബു മുന്പ് സൂചിപ്പിച്ചിരുന്നതായി പറഞ്ഞു.