വൈക്കം: വൈക്കം, വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവായതായി പരാതി.
ശനിയാഴ്ച പുലർച്ചെ വെച്ചൂരിലെ മൂന്നു ക്ഷേത്രങ്ങളിലെയും ഒരു പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികളാണ് മോഷ്ടാക്കൾ പൊളിച്ചത്.
തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്.
ഒരു ക്ഷേത്രത്തിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
സെന്റ് ജോസഫ് കപ്പേളയുടെ മുന്‍വശത്തെയും അകത്തെയും കാണിക്കവഞ്ചിയുടെ പൂട്ടുപൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല.
അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാ ക്ഷേത്രത്തിലെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഒരാഴ്ച മുമ്പു ഭണ്ഡാരത്തില്‍നിന്നും പണം എടുത്തിരുന്നതിനാല്‍ അധികം തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.
വൈകുണ്ഠപുരം ക്ഷേത്രത്തിന് മുന്‍വശത്തെ ഭണ്ഡാരത്തിന്റെയും ക്ഷേത്രത്തിനകത്ത് അയ്യപ്പന്റെ നടയിലെ കാണിക്കവഞ്ചിയുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ഇവിടെനിന്നു പണം നഷ്ടപ്പട്ടിട്ടുണ്ടെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കളുടെ ദൃശ്യമാണ് ക്ഷേത്രത്തിലെ സിസിടിവി കാമറയിലുള്ളത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടു യുവാക്കൾ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വൈക്കം മഹാദേവ ക്ഷേത്രത്തിൻെറ വലിയകവലയിലെ ഗോപുരത്തിന്റെ പടിഞ്ഞാറു വശത്തുള്ള കാണിക്കവഞ്ചിയുടെ പൂട്ടും തകർത്ത നിലയിലാണ്.
ഇരുമ്പ് അഴികൾക്കൊണ്ടു ബന്ധിച്ച ഭണ്ഡാരം ഇരുമ്പു കമ്പി ഉപയോഗിച്ച് തിക്കി പണമപഹരിച്ചതായാണ് സൂചന. വൈക്കം പോലീസ് കേസുകൾ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വൈക്കം നഗരത്തിലും ഉൾപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നത് ജനങ്ങളെയും വ്യാപാരികളെയും ആശങ്കയിലാക്കി. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പത്തോളം മോഷണങ്ങൾ; പ്രതികളെക്കുറിച്ചു വിവരമില്ല
വൈക്കം: വൈക്കത്ത് ഏതാനും മാസങ്ങൾക്കിടെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങൾ നടന്നിട്ടുണ്ട്.
വൈക്കം മഹാദേവ ക്ഷേത്രത്തിൻെറ കിഴക്കേ അലങ്കാരഗോപുരം, കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, കച്ചേരികവലയിലെ വനദുര്‍ഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. നഗരത്തിലെ ജ്വല്ലറിയിലും മോഷണം നടന്നു.
മാസങ്ങൾ പിന്നിട്ടിട്ടും ഈ മോഷണങ്ങളുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. ആഴ്ചയിൽ ഒരു ദിവസം കാണിക്കവഞ്ചിയില്‍നിന്നു പണമെടുക്കണമെന്ന നിർദേശം പോലീസ് ആരാധനാലയങ്ങൾക്ക് നൽകിയിരുന്നു.