കടുത്തുരുത്തി: ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിനായുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും കാത്തിരിപ്പ് നീളുന്നു. കോട്ടയം-എറണാകുളം മെയിൻ റോഡിൽ മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ചു ബസ് സ്റ്റോപ്പിനോട് ഏറ്റവും അടുത്തുള്ള ആദർശ് സ്റ്റേഷനാണിത്. ദിവസവും 50 നടുത്ത് ട്രെയിനുകൾ ഇതുവഴി കടന്നു പോകുന്നുണ്ട്.
തിരുവനന്തപുരം-ഡൽഹി സർവീസായ കേരളാ എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പുണ്ടെങ്കിലും കേരളത്തിനകത്ത് സർവീസ് നടത്തുന്ന വഞ്ചിനാട്, വേണാട്, മലബാർ എക്സ്പ്രസുകളൊന്നും ഇവിടെ നിർത്തുന്നില്ല. ഏതാനും ചില ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ എത്തുന്നവർക്ക് കോട്ടയത്തോ എറണാകുളത്തോ ഇറങ്ങി വേണം ബസ് കയറി വീട്ടിലെത്താൻ.
ഏതുസമയവും ടാക്സി സൗകര്യങ്ങളുള്ള റെയിൽവേ സ്റ്റേഷനാണ് വൈക്കം റോഡ്. ഒരു വർഷം മുന്പാണ് 15 കോടി രൂപ മുടക്കി സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മധ്യ-തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയിട്ടുള്ളവർ ഉൾപെടെയുള്ളവർക്ക് കൂടുതൽ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ലഭിച്ചാൽ വലിയ സഹായകമാകും. ഒ.രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്നപ്പോൾ വൈക്കം റോഡിൽനിന്നും വൈക്കത്തേക്ക് ബൾബ് ലൈൻ പദ്ധതി അനുവദിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കാനായില്ല.
പദ്ധതി പ്രാവർത്തികമാക്കിയെടുക്കാനാവിശ്യമായ ഇടപെടലുകൾ നടത്തുന്നതിന് തുടർന്നുവന്ന ജനപ്രതിനിധികൾ തയാറാവാത്തതാണ് പദ്ധതി നഷ്ടപ്പെടാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആപ്പാഞ്ചിറയിൽനിന്നു മാന്നാർ, വടയാർ, മുട്ടുങ്കൽ വഴി വൈക്കത്തിനും അവിടെനിന്ന് വല്ലകം, തലയോലപ്പറന്പ് വഴി ആപ്പാഞ്ചിറയിലും എത്തുന്ന ചെയിൻ സർവീസ് മാതൃകയിലുള്ള ട്രെയിൻ സർവീസാണ് ബൾബ് ലൈൻ പദ്ധതി. ഈ പദ്ധതി നടപ്പായിരുന്നെങ്കിൽ വൈക്കം റോഡ് സ്റ്റേഷൻ ജംഗ്ഷനായി ഉയർത്തപ്പെടുമായിരുന്നു.
ഇതോടൊപ്പം ഇവിടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പും ഉണ്ടാകുമായിരുന്നു. കലാകാലങ്ങളായുള്ള ആവശ്യമാണ് എക്സ്പ്രസിനും മറ്റു പ്രധാന ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ളത്. പലപ്പോഴായി മാറിവരുന്ന ഗവണ്മെന്റുകളിൽ സമ്മർദ്ദം ചെലുത്തി ഇതു നേടിയെടുക്കാൻ കഴിയുമായിരുന്നെങ്കിലും ഇക്കാര്യത്തിനായി ആരും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കോടികൾ മുടക്കി റെയിൽവേ സ്റ്റേഷൻ നവീകരിച്ചതിന്റെ പ്രയോജനം യാത്രക്കാർക്ക് ഉണ്ടാകണമെങ്കിൽ കുടുതൽ ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും നാട്ടുകാർ ചൂണ്ടി കാണിക്കുന്നു. കാലാകാലങ്ങളായുള്ള ആവശ്യമാണ് ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കുടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നത്. എന്നാൽ ഇക്കാര്യത്തിൽ അധികാരികളുടെ ഭാഗത്തു നിന്നു യാതൊരു അനുകൂല നിലപാടും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.