വെങ്കിടങ്ങ്: മഴ കുറഞ്ഞതിനെ തുടർന്ന് പല സ്ഥലങ്ങളിലും നെൽകൃഷി നശിച്ചതുമൂലം തൃശൂർ കോൾമേഖലയിൽ വൈക്കോലിന്റെ പൊന്നുംവിലയാണ് ഇപ്പോൾ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏക്കറിനു 6000 മുതൽ 7000 രൂപ വരെ കിട്ടുന്നു എന്നാണ് അറിയുന്നത്. മിൽമയ്ക്കുവേണ്ടിയാണ് മിക്കവരും വൈക്കോൽ ശേഖരിച്ചുവയ്ക്കുന്നത്. ഈ വൈക്കോൽ ശേഖരണം ജില്ലയിലെ ക്ഷീരകർഷകരെ ആശങ്കയിലാക്കിയിരിക്കയാണ്.
പല ക്ഷീരകർഷകർക്കും ആവശ്യമായ വൈക്കോൽ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. പലർക്കും സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന വൈക്കോൽ ആണ് ഏക്കറിനു 6000 രൂപാ നിരക്കിൽ മിൽമയ്ക്കുവേണ്ടി ഏജന്റുമാർ വാങ്ങിക്കൂട്ടുന്നത്. ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തിര സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു.