നെന്മാറ: രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ വൈക്കോലിന് ആവശ്യക്കാരേറെ. കൊയ്ത്തുയന്ത്രം കൊയ്ത ശേഷം പാടേശേഖരങ്ങളിൽ കിടക്കുന്ന ഉണങ്ങിയ വൈക്കോൽ ട്രാക്ടർ ഉപയോഗിച്ച് മൂന്ന് അടി വലിപ്പമുള്ള റോൾ ആക്കി മാറ്റിയ ഒരു റോൾ വൈക്കോലിന് 100 രൂപ മുതൽ 140 രൂപ വരെ വില നൽകിയാണ് കർഷകരിൽ നിന്ന് ക്ഷീര കർഷകരും കച്ചവടക്കാരും വാങ്ങി കൊണ്ടു പോകുന്നത്.
ഒന്നാം വിള കൊയ്ത്ത് സീസണിൽ വൈക്കോൽ ക്ഷാമം ഉണ്ടായപ്പോൾ സൂക്ഷിച്ചുവച്ചിരുന്ന കച്ചവടക്കാർ ഒരു റോൾ വൈക്കോലിന് 250 രൂപ മുതൽ 300 രൂപ വരെ വിലക്ക് വിൽപ്പന നടത്തിയിരുന്നു. എന്നാൽ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കച്ചവടക്കാർ നെൽപ്പാടത്തെ വൈക്കോൽ മൊത്തമായി വാങ്ങി അവർ തന്നെ ട്രാക്ടർ ഉപയോഗിച്ച് റോളാക്കി മാറ്റിയാണ് കൊണ്ടുപോകുന്നത്.
ഏക്കറിന് 1700 രൂപ മുതൽ 2000 രൂപ വരെ വില കർഷകർക്ക് നൽകിയാണ് കൊണ്ടുപോകുന്നത്. ഒരേക്കറിൽനിന്ന് മൂന്ന് അടി വലിപ്പമുള്ള 40 മുതൽ 55 വരെ എണ്ണം റോൾ വൈക്കോൽ നെൽച്ചെടിയുടെ നീളം അനുസരിച്ച് ലഭിക്കും.അതോടൊപ്പം രണ്ടടി വലിപ്പമുള്ള വൈക്കോൽ റോൾ ചെയ്യുന്ന മെഷീനും ലഭ്യമാണ് രണ്ട് അടി വലിപ്പമുള്ള മെഷീനിൽ 75 മുതൽ 90 റോൾ വരെ വൈക്കോൽ ലഭിക്കുന്നുണ്ട്.
ഒന്നാം വിളയിലെ വൈക്കോൽ മഴയത്ത് ചീഞ്ഞു പോകുന്നതിനാൽ റോൾ ചെയ്യാനോ ഉപയോഗിക്കാനൊ കഴിയാത്തതിനാലാണ് രണ്ടാം വിള വൈക്കോലിന് ആവശ്യക്കാർ ഏറി വരുന്നത്. ട്രാക്ടർ ഉപയോഗിച്ച് ഒരു റോൾ വൈക്കോൽ കെട്ടുന്നതിന് 35 രൂപ നിരക്കിലാണ് ട്രാക്ടറുകാർ വാങ്ങുന്നത്.
പ്രത്യേക ഷെഡ്ഡുകളൊ മറ്റ് സൗകര്യമൊ ഇല്ലാത്തവർ പ്ലാസ്റ്റിക് ഷീറ്റ്, ടാർപായ, പഴയ പരസ്യ ഫ്ലക്സുകൾ മുതലായവ ഉപയോഗിച്ചു വൈക്കോൽ മുടി സൂക്ഷിക്കുകയാണ് പതിവ്.
വൈക്കോൽ റോൾ സംവിധാനം വരുന്നതിനു മുൻപ് വൈക്കോൽ മുടി കെട്ടി കൂനയാക്കി പുര മേഞ്ഞ രീതിയിൽ സൂക്ഷിച്ചിരുന്ന പഴയ കാലങ്ങളെ പോലെ റോൾ ചെയ്ത വൈക്കോൽ സൂക്ഷിക്കാൻ കഴിയാത്തതും മഴയോ ജലാംശമൊ തട്ടിയാൽ റോൾ ചെയ്ത വൈക്കോൽ വെള്ളം വലിച്ചെടുത്ത് പെട്ടെന്ന് നശിച്ചു പോകുന്നതിനാൽ റോൾ ചെയ്ത വൈക്കോൽ സൂക്ഷിക്കുന്നത് ഏറെ ശ്രമകരമായ പ്രവർത്തിയായി മാറി.
സൂക്ഷിക്കേണ്ട ആവശ്യത്തിന് പുറത്തേക്ക് ഷെഡ്ഡുകൾ നിർമ്മിച്ച് അതിനകത്തും പുറത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ ടാർപ്പായ എന്നിവ ഉപയോഗിച്ച് മൂടിക്കെട്ടി സൂക്ഷിക്കുന്നുണ്ടെങ്കിലും വർഷകാലം ആകുന്നതോടെ ചുവട്ടിൽ നിന്ന് വെള്ളം വലിച്ചെടുത്ത് വൈക്കോൽ നശിക്കുന്നതായുള്ള പരാതിയും കർഷകർക്കിടയിൽ ഉണ്ട്.
ചില കർഷകർ നിലത്തുനിന്നു ഈർപ്പം വലിച്ചെടുക്കാതിരിക്കാൻ കല്ലും മുളയും വണ്ണം കുറഞ്ഞ മരത്തടി കളും ഉപയോഗിച്ച് തട്ടു നിർമ്മിച്ച് അതിനു മുകളിലാണ് വൈക്കോൽ അടുക്കി പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നത്. കാലികളുടെ തീറ്റയുടെ ആവശ്യത്തിന് പുറമേ പാക്കിംഗ് മെറ്റീരിയൽ തുടങ്ങിയവയ്ക്ക് ഗുണനിലവാരം കുറഞ്ഞ വൈക്കോലും കച്ചവടക്കാർ കൊണ്ടുപോകുന്നുണ്ട്. ഷീറ്റിട്ട ടെറസ് വീടിനു മുകളിലായി വൈക്കോൽ സൂക്ഷിക്കുന്ന രീതിയും പതിവു കാഴ്ചയാണ് .