ചിറ്റൂർ: കൊയ്ത്ത് തുടങ്ങിയതോടെ ട്രാക്ടറുകളിൽ വൈക്കോൽ മറയ്ക്കാതെ കൊണ്ടുപോകുന്നത് യാത്രക്കാർക്കു ദുരിതമായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അന്പതിലേറെ ട്രാക്ടറുകളാണ് യാതൊരു സുരക്ഷാനടപടിയുമില്ലാതെ വൈക്കോൽ കൊണ്ടുപോകുന്നത്.
ഇതുമൂലം പിറകിൽ വരുന്ന ഇരുചക്രവാഹനയാക്കാരുടെയും കാൽനടയാത്രക്കാരുടെയും കണ്ണിൽ വൈക്കോൽ പൊടിവീഴുന്നതും പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അനുഭവപ്പെട്ടതിനേക്കാൾ കൂടിയ തോതിലാണ് ഇപ്പോൾ ചൂട് അനുഭവപ്പെടുന്നത്.
എതിരേനിന്നും വരുന്ന വാഹനങ്ങളുടെ പുകക്കുഴലിൽനിന്നുള്ള ചൂടുമൂലം വൈക്കോലിനു തീപിടിക്കാനുള്ള സാധ്യതയും ഏറെയാണ്.കഴിഞ്ഞ ഒരാഴ്ചയായി റോഡുവക്കത്തെ ഉണങ്ങിയ ചെടിത്തൂപ്പുകൾക്കു തീപിടിക്കുന്നതും പരിഭ്രാന്തിയുണ്ടാക്കുകയാണ്.
കഴിഞ്ഞവർഷം അയ്യൻചള്ള, പാട്ടികുളം എന്നിവിടങ്ങളിൽ ലോറികളിലെ വൈക്കോലിനു തീപിടിച്ച് അപകടം നടന്നിരുന്നു. ഈ സാഹചര്യത്തിൽ വൈക്കോൽ കൊണ്ടുപോകുന്ന വാഹനങ്ങൾ സുരക്ഷിതമായി അടച്ചു സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.