വൈക്കം വിജയലക്ഷ്മി , കണ്ണുകളിലെ ഇരുട്ടിനെ വെളിച്ചമാക്കാന്‍ പാട്ടിനെ മാത്രം പ്രണയിച്ച് ,പാട്ടിനായി മാത്രം ഉഴിഞ്ഞു വച്ച ജീവിതത്തിനുടമ. എന്നാല്‍ ആ ജീവിതത്തിലേക്ക് കൈപിടിച്ച് ഒപ്പം കൂടാന്‍ ഒരാളെത്തുന്നു. അതേ , വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. വിജയലക്ഷ്മി ജനിച്ചനാളുകള് മുതല്‍ അച്ഛനും അമ്മയും അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ക്കും നേര്ച്ചകള്ക്കുമുള്ള ഫലമെന്നോണമാണ് അവര്‍ ഇതിനെ കാണുന്നത്.
സഹതാപം കൊണ്ട് മാത്രമായിരുന്നില്ല വിജയലക്ഷ്മി ആളുകള്‍ക്ക് പ്രിയങ്കരിയായത്. അനുകരണങ്ങള്‍ക്ക് അതീതമായ ആലാപനശൈലിയാണ് വിജയലക്ഷ്മിയെ സംഗീതലോകത്ത് വിജയിയാക്കിയത്. സമാനമായ പരിമിതികളാല്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് സ്വന്തം ജീവിതത്തിലൂടെ അവര്‍ പകര്‍ന്നു കൊടുത്ത ഊര്‍ജവും ചെറുതല്ല.
മകളുടെ ന്യൂനതകള്‍ അറിഞ്ഞുകൊണ്ട് അവളെ ജീവിതസഖിയാക്കാന്‍ സന്തോഷ് തയാറായതിന് പിന്നില്‍ ഈശ്വരാനുഗ്രഹം ഒന്ന് മാത്രമാണെന്നാണ് വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ വിശ്വസിക്കുന്നത്.
വീട്ടുകാര്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവര്‍ വാശി പിടിച്ചപ്പോള്‍ മറിച്ചൊന്നും പറയാന്‍ പറ്റാതായി. കല്ല്യാണം ആലോചിച്ചു തുടങ്ങിയപ്പോഴും നിശ്ചയിച്ചശേഷവും പേടിയായിരുന്നു. പിന്നീടുള്ള ജീവിതം എങ്ങനെയാകും എന്നോര്‍ത്ത്. ഇപ്പോള്‍ ആ പേടിയൊക്കെ മാറി വരുന്നുണ്ട്.
ഏറ്റവും വലിയ സന്തോഷം വിവാഹശേഷവും അച്ഛന്റെയും അമ്മയുടെയും ഒപ്പം എന്റെ വീട്ടില്‍ തന്നെ നില്ക്കാന് അദ്ദേഹം സമ്മതിച്ചു എന്നതാണ്. അവരെ വിട്ട് പോകുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമം പിടിച്ച കാര്യം. സംഗീത പ്രേമിയാണ് അദ്ദേഹവും. എന്റെ എല്ലാ പാട്ടുകളും ഇഷ്ടമാണെന്ന് പറഞ്ഞു. ആദ്യം കണ്ടപ്പോള്‍ ആവശ്യപ്പെട്ടത് ‘മിനുങ്ങും…മിന്നാമിനുങ്ങേ’ എന്ന പാട്ടായിരുന്നു. ഒരു പാട്ടിന് ജീവന് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന അതേ സന്തോഷത്തോടെ വിജയലക്ഷ്മി പറഞ്ഞു നിര്‍ത്തുന്നു.
തൃശൂര്‍ കുന്നത്തങ്ങാടിയിലാണ് വിജയലക്ഷ്മിയുടെ പ്രതിശ്രുത വരന്റെ വീട്. പേര് സന്തോഷ്. ഈ മാസം 14 ന് നിശ്ചയവും മാര്‍ച്ച് 29 ന് കല്ല്യാണവും. റിയാദിലാണ് സന്തോഷ് ജോലി ചെയ്യുന്നത്.