വൈക്കം: തവണക്കടവിൽനിന്ന് വൈക്കത്തേക്കു ബോട്ടിൽ വരുന്നതിനിടയിൽ ബാഗിൽനിന്ന് മൂന്നരലക്ഷം രൂപ അപഹരിക്കപ്പെട്ടതായി പരാതി. വൈക്കം നഗരവാസിയായ യുവതിയുടെ പണമാണ് അപഹരിക്കപ്പെട്ടതായി പറയുന്നത്.
ചേർത്തലയിലെ ബാങ്കിൽ നിന്നു തുക പിൻവലിച്ചു ഭർത്താവുമായി ബസിൽ തവണക്കടവിലെത്തിയ ശേഷം ഇരുവരും ബോട്ടിൽ കയറി. ഇതിനിടയിൽ യുവതിക്ക് ഒരു ഫോണ് വന്നപ്പോൾ ബാഗു തുറന്ന് ഫോണെടുത്തു സംസാരിച്ചിരുന്നു.
വൈക്കം ജെട്ടിയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കയറി ദളവാക്കുളം ബസ് ടെർമിനലിൽ ഇറങ്ങി. പിന്നീട് ബസിൽ കയറി തലയാഴത്തെ ബാങ്കിലെത്തി പണയ ഉരുപ്പടി എടുക്കാൻ പണം നോക്കിയപ്പോഴാണ് തുക നഷ്ടപ്പെട്ടതറിയുന്നതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.