വൈക്കം: വൈക്കം -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്നതിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ബോട്ടാണെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ ക്ലിയോപാട്ര എന്ന പേരിൽ പ്രചരിക്കുന്ന ബോട്ടിന്റെ ചിത്രം വ്യാജ മാണെന്ന് സി.കെ.ആശ എംഎൽ എ.
ബോട്ട് പണി പൂർത്തിയായി വരുന്നതേയുള്ളു. പൂർത്തിയായി വരുന്ന ബോട്ടിന്റെ ചിത്രമല്ല സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ ഇരുനില ബോട്ടാണ് വിഭാവനം ചെയ്തത്. സുരക്ഷാകാരണങ്ങളാൽ ഘടന മാറ്റി ഒറ്റനിലബോട്ടാക്കി മാറ്റുകയായിരുന്നു. ആ സമയങ്ങളിൽ ഇരുനില ബോട്ടിന്റെ ചിത്രമാണ് പ്രചരിച്ചത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലാണ് പുതിയ ഒരു ബോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.
അരൂരിലെ യാർഡിൽ ബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 120 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 50 ഇരിപ്പിടങ്ങൾ ശീതീകരിച്ച മുറിയിലാണ് സജ്ജീകരിക്കുന്നത്. അതിവേഗ ബോട്ടിൽ വൈക്കത്തുനിന്ന് ഒന്നേകാൽ മണിക്കൂറിനകം എറണാകുളത്തെത്താനാകും.വൈക്കത്തുനിന്ന് റോഡ് മാർഗം ഗതാഗതകുരുക്ക് രൂക്ഷമായതിനാൽ രണ്ടര മണിക്കൂർ വരെ വേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ മാസം ഒന്പതിന് അരൂരിൽ പുതിയ ഫയർസ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.കെ.ശശീന്ദ്രൻ അരൂരിലെത്തിയപ്പോൾ ബോട്ടിന്റെ നിർമാണ പുരോഗതി സി.കെ.ആശഎം എൽ എ, ജലഗതാഗതവകുപ്പ് എം.ഡി.ഷാജി.വി.നായർ എന്നിവർക്കൊപ്പമെത്തി വിലയിരുത്തിയിരുന്നു.
ഈമാസം തന്നെ നിർമാണം പൂർത്തിയാക്കി സർവീസ് ഉദ് ഘാടനം ചെയ്യണമെന്ന തീരുമാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരുന്നതെന്ന് അധികൃതർ അറിയിച്ചു.