വൈക്കം: തോട്ടുവക്കത്ത് ഒരു കുടുംബത്തിലെ നാലുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചെന്ന ദുരന്തവാർത്ത കേട്ടാണ് ഇന്നു പുലർച്ചെ വൈക്കം ഉണർന്നത്. നാടിനെ നടുക്കിയ ദുരന്ത വാർത്ത അറിഞ്ഞയുടൻ അപകട സ്ഥലത്തേക്ക് വൈക്കത്തിന്റെ നാനാഭാഗത്തു നിന്നും ജനം പാഞ്ഞെത്തി.
അപകട വിവരമറിഞ്ഞ് ആദ്യമെത്തിയ നാട്ടുകാരും ഫയർ ഫോഴ്സും ഏറെ പണിപ്പെട്ടാണ് മിനിട്ടുകൾക്കകം കട്ടർ ഉപയോഗിച്ച് കാർപൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരു സ്ത്രീ അടക്കം മൂന്നുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ജീവന്റെ നേരിയ തുടിപ്പുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈക്കം – കെ വി കനാലിനു കുറുകെ മൂന്നു പാലങ്ങളാണുള്ളത്. ഇതിൽ പ്രധാന റോഡുമായി ചേരുന്ന തോട്ടുവക്കം, ചേരുംചുവട് പാലങ്ങളുടെ സമീപത്ത് വാഹന അപകടങ്ങളിൽ ഇതിനകം നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. വീതി കുറഞ്ഞ പാലത്തിലൂടെ ജംഗ്ഷനിലേക്ക് വാഹനമിറങ്ങുന്പോഴാണ് അപകടങ്ങൾ കൂടുതലും സംഭവിച്ചിട്ടുള്ളത്.
ഇന്നു പുലർച്ചെ നാലു പേരുടെ മരണത്തിനിടയാക്കിയ അപകടവും ഇതേ രീതിയിൽ വാഹനം ഇറങ്ങി വന്നതാണെന്ന് പറയുന്നു. പാലമിറങ്ങി ജംഗ്ഷനിലേക്കു വേഗത കുറയ്ക്കാതെ കാർ എത്തി ബസിനു മുന്നിൽ അകപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടിൽ നിന്ന് പുറപ്പെട്ട് മുക്കാൽ മണിക്കൂറിനകം ദാരുണാന്ത്യം
വൈക്കം: വീട്ടിൽ നിന്നിറങ്ങി മുക്കാൽ മണിക്കൂറിനകം ഒരു കുടുംബത്തിനൊന്നാകെ ദാരുണാന്ത്യം സംഭവിച്ചതിന്റെ നടുക്കത്തിലാണ് ഉദയംപേരൂർ ഗ്രാമം. ചേർത്തല വയലാർ വേളാർവട്ടം ക്ഷേത്രത്തിൽ ദർശനം നടത്താനാണ് വിശ്വനാഥനും കുടുംബവും പുലർച്ചെ 5.15നു ഉദയംപേരുരിൽ നിന്നും പുറപ്പെട്ടത്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി വഴിപാടുകൾ നടത്തുന്ന ക്ഷേത്രമാണിത്.
കനത്ത മഞ്ഞുണ്ടായിരുന്നതിനാൽ പുലർച്ചെ വൈക്കം പ്രദേശം ഇരുൾ മൂടിയ നിലയിലായിരുന്നു. 5.50 ന് വൈക്കം ചേരുംചുവട് പാലം കടന്ന് പ്രധാന നിരത്തിലേക്കു കാറെത്തിയപ്പോഴാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈക്കം വലിയ കവല ലിങ്കു റോഡുവഴിയും പുളിഞ്ചുവട് കവല വഴിയും വെച്ചൂർ ഭാഗത്തേക്ക് പോകാൻ ബസ് റൂട്ടില്ലാത്ത വൈക്കം -ചേരുംചുവട് റോഡിലേക്ക് ഭാരവണ്ടികളടക്കം നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.
കാർ ഓടിച്ചിരുന്ന സൂരജ് വിശ്വനാഥന് ചേരുംചുവട് കവലയിലെ അപകട സ്ഥിതി അറിയാത്തതും ദുരന്തത്തിനിടയാക്കിയിട്ടുണ്ടാകാമെന്ന് പറയപ്പെടുന്നു. പുലർച്ചെ വാഹനങ്ങൾ വളരെ കുറവായിരുന്നതിനാൽ ഇട റോഡിൽ നിന്നു വന്ന അതേ സ്പീഡിൽ പാലം കടന്ന് പ്രധാന നിരത്തിലേ്ക്കെത്തുന്ന നാൽക്കവലയിലേക്കു കാർ വേഗത കുറച്ചു തിരിക്കാതെ പ്രവേശിച്ചതാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.