വൈക്കം: വൈക്കത്തിനടുത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും അടക്കം 10 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ 5.45ന് വൈക്കം- വെച്ചൂർ റൂട്ടിലെ ചേരുംചുവട് പാലത്തിനു സമീപമായിരുന്നു അപകടം.
എറണാകുളം ഉദയംപേരൂർ പത്താംമൈലിൽ മനയ്ക്കപറന്പിൽ വിശ്വനാഥൻ (65) , കാർ ഓടിച്ചിരുന്ന മകൻ സൂരജ് വിശ്വനാഥ് (31), മാതാവ് ഗിരിജ (58), വിശ്വനാഥന്റെ സഹോദരൻ സതീശന്റെ ഭാര്യ അജിത (55) എന്നിവരാണ് മരിച്ചത്.
ചേരും ചുവട് പാലത്തിലൂടെ നാൽക്കവലയിലേയ്ക്കു വേഗത്തിൽ ഓടിയിറങ്ങിയ കാറിൽ വെച്ചൂർ ഭാഗത്തു നിന്നു വൈക്കത്തേക്കു വന്ന ലിറ്റിൽറാണി എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിനു മുകളിലൂടെ കയറിയ ബസ് അൽപദൂരം നീങ്ങി സമീപത്തെ മതിൽ തകർത്താണ് നിന്നത്.
പൂർണമായി തകർന്ന ഫോർഡ്ഫിഗോ കാർ അപകടം നടന്ന് മിനിട്ടുകൾക്കകം സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചു പരിക്കേറ്റവരെ പുറത്തെടുക്കുന്പോൾ കാർ ഓടിച്ചിരുന്ന ആളടക്കം മൂന്നു പേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ജീവനുണ്ടായിരുന്ന സ്ത്രീയെ ഉടൻ വൈക്കം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചേർത്തല വേളൂർവട്ടം ക്ഷേത്രത്തിൽ ദർശനം നടത്താനായി ഉദയംപേരൂരിൽ നിന്നു വരികയായിരുന്നു വിശ്വനാഥനും കുടുംബവും. കെ വി കനാലിന് കുറുകെയുള്ള ചേരും ചുവട് പാലത്തിലൂടെ ജംഗ്ഷനിലേയ്ക്കു വേഗത്തിൽ കാറെത്തിയതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വൈക്കം-വൈറ്റില റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വെച്ചൂർ ഭാഗത്ത് പാർക്ക് ചെയ്യുന്ന ബസ് സർവീസ് തുടങ്ങുന്നതിനായി വൈക്കം സ്റ്റാൻഡിലേക്ക് വരികയായിരുന്നു. വെച്ചൂരിൽ നിന്നുള്ള ചില തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.