വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു രാവിലെ 8.45 നും 9.5 നും മധ്യേ തന്ത്രിമാരായ മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്.
കൊടിയേറ്റ് ദർശന സായൂജ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്. കൊടിക്കീഴിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് ഭദ്രദീപം കൊളുത്തി.
കലാമണ്ഡപത്തിൽ ചലച്ചിത്ര താരം രമ്യാ നമ്പീശൻ ദീപപ്രകാശനം നടത്തി. ഇനിയുള്ള 13 ദിനരാത്രങ്ങൾ ക്ഷേത്ര നഗരി ഉത്സവസാന്ദ്രമാകും.
ഡിസംബർ അഞ്ചിനാണു ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിനത്തിൽ ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പൂജയും വിളക്കും നടത്തും.