വൈക്കം: അഷ്ടമിയെ വരവേൽക്കാൻ വൈക്കം മഹാദേവ ക്ഷേത്രമൊരുങ്ങി. എട്ടിനാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. അഷ്ടമി ദിവസം വെളുപ്പിന് 4.30 മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെയും വൈകുന്നേരം 4.30 മുതൽ 7.30 വരെയും ഭക്തർക്ക് ക്ഷേത്രദർശനം നടത്താം.
അഷ്ടമി വിളക്ക് സമയത്ത് നടക്കുന്ന വലിയ കണിക്കയിൽ രാത്രി 9.30 മുതൽ പതിനൊന്നു വരെ ദർശനം നടത്താം. ഓണ്ലൈനായി ബുക്കു ചെയ്തവർക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളു. 10ന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമില്ല.
അഷ്ടമി ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്ര ദർശനത്തിനെത്തുന്നവർ കിഴക്കേ ഗോപുരം വഴി നാലന്പലത്തിൽ പ്രവേശിച്ച് വടക്കേ ഗോപുരം വഴി പുറത്തേക്ക് പോകണം.
വലിയ കാണിക്ക സമയത്ത് ഭകതർ വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് അഷ്ടമി വിളക്ക് തൊഴുത് തെക്കേ ഗോപുരനടയിലുടെ പുറത്തു പോകണം.
വൈക്കത്തഷ്ടമി വിളക്കിന് വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും കൂടാതെ ഏഴു ദേശ ദേവതമാരുടെ എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ വരുക പതിവാണ്. എന്നാൽ കോറോണ പ്രതിസന്ധിയെത്തുടർന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾക്കു മാത്രമേ അനുമതി നല്കിയിട്ടുള്ളു.
അഷ്ടമി എഴുന്നള്ളിപ്പിന് അനുവാദം നല്കണമെന്നാവശ്യപ്പട്ടു മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെ ഉൗരാഴ്മക്കാരും കൂട്ടുമ്മേൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയും ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്.
അഷ്ടമി എഴുന്നള്ളിപ്പിന് മുൻവർഷങ്ങളിൽ 13 ഗജവീരൻമാർ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ രണ്ട് ആനകൾക്ക് മാത്രമാണ് അനുമതി നല്കിയിരിക്കുന്നത്.
വൈക്കത്തഷ്ടമി ദിനത്തിൽ ദേവസ്വം ബോർഡിന്റെ 121 പറ അരിയുടെ പ്രാതൽ നടന്നിരുന്നു. എന്നാൽ ഇത്തവണ കോറോണ പ്രതിസന്ധി മൂലം പ്രാതൽ ഒരുക്കുന്നില്ല. അഷ്ടമി ഡ്യൂട്ടിക്കായി 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട്.
കാഴ്ചശ്രീബലി ഭക്തിസാന്ദ്രമായി
വൈക്കം: വൈക്കത്തഷ്ടമി ഒന്പതാം ഉത്സവമായ ഇന്നലെ നടന്ന കാഴ്ചശ്രീബലി ഭക്തിസാന്ദ്രമായി. മേൽശാന്തി ടി.എസ്. നാരായണൻ നന്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കുശേഷം വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചു.
വെളിനെല്ലൂർ മണികണ്ഠൻ ഭഗവാന്റെ തങ്ക തിടന്പേറ്റി. സ്വർണ്ണക്കുടയും സ്വർണ്ണതലേക്കെട്ടുമാണ് എഴുന്നള്ളത്തിന് ഉപയോഗിച്ചത്.