വൈക്കം: അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പണത്തെചൊല്ലിയുണ്ടായ തർക്കമെന്ന് പോലീസ്.
വൈക്കം ചെന്പ് മത്തുങ്കൽ ആശാരിപറന്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി(75)യെ സാരി ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മകൻ ബിജു (45) വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കാർത്ത്യായനിയുടെ ഇളയ മകൻ സിജി ജോലി സ്ഥലത്തു നിന്നു വീട്ടിൽ ഉൗണു കഴിക്കാനെത്തിയപ്പോൾ അമ്മ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്.
അമ്മയെ വിളിച്ചിട്ടും ഉണരാതിരുന്നപ്പോൾ സിജി ബഹളം വച്ചതോടെ സമീപത്തുള്ള ബന്ധുക്കളും അയൽക്കാരും ഓടിയെത്തി നോക്കിയപ്പോഴാണ് കാർത്ത്യായനി മരിച്ചതായി അറിയുന്നത്. സമീപത്തെ സിജിയുടെ മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കാർത്ത്യായനി കിടന്ന മുറിയിലെ അലമാര തുറന്നു അലമാരയ്ക്കുളളിലെ വസ്ത്രങ്ങൾ താഴേക്ക് വലിച്ചിട്ട നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്ന തിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടുവളപ്പിലെ ഒരു മരം 6500 രൂപയ്ക്കു വിറ്റിരുന്നു. മരം വിറ്റ പണം ചോദിച്ചു അമ്മയുമായി തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ബിജു അമ്മയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. ഗൃഹനാഥനായ തങ്കപ്പൻ ഏതാനും വർഷങ്ങൾക്കു മുന്പാണ് മരിച്ചത്.
കാർത്ത്യായനിയും ബിജുവും സിജിയും ഇളയ സഹോദരി അംബികയും ഒരുമിച്ചായിരുന്നു താമസം. മൂവരും അവിവാഹിതരാണ്. അംബിക ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.
മൂത്ത സഹോദരി ശാന്തയെ മറവൻതുരുത്ത് കുട്ടുമ്മേലും മറ്റൊരു സഹോദരി ഗീതയെ തലയാഴം കുവത്തുമാണ് വിവാഹം കഴിച്ചയച്ചിരിക്കുന്നത്.
കെട്ടിട നിർമാണ തൊഴിലാളികളായിരുന്നു ബിജുവും സഹോദരൻ സിജുവും. ഒരു വർഷം മുന്പ് പണിക്കിടയിൽ തടികൊണ്ട് കണ്ണിനു പരിക്കേറ്റതോടെ ബിജു സ്ഥിരമായി പണിക്കു പോകാറില്ല. മദ്യപാനിയായ ഇയാൾ വീട്ടിൽ പതിവായി കലഹമുണ്ടാക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.