വൈക്കം: വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന യാത്രാ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി ഡോക്കിലേക്കു മാറ്റിയതോടെ യാത്രക്കാർ വലയുന്നു. തിരക്കേറിയ ഫെറിയിലെ സോളാർ ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണ് യാത്രക്കാരെ വലച്ചത്. യാത്രക്കാർക്കായി അധികൃതർ പകരം ബോട്ട് എത്തിച്ചിട്ടില്ല. നാലു യാത്രാ ബോട്ടുകളാണ് 20 മിനിട്ടു ഇടവിട്ട് യാത്രക്കാരെ മറുകര എത്തിച്ചിരുന്നത്.
ഫെറിയിൽ നിന്നും 80-ൽ അധികം പേരെ ദിനം പ്രതി ഒരോ ട്രിപ്പിലും സോളാർ ബോട്ട് ആദിത്യ മറുകര എത്തിച്ചിരുന്നു. 20 തവണയാണ് ഒരു ദിവസം ബോട്ടുകൾ സർവീസ് നടത്തുന്നത്. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാർ ബോട്ടായ ആദിത്യ വാർഷിക അറ്റകുറ്റപ്പണിക്കായാണ് ഡോക്കിൽ കയറ്റിയത്. മൂന്നു4വർഷമായി വിജയകരമായി സർവീസ് നടത്തി വരുന്ന ആദിത്യ ഇതിനോടകം 40,000 കിലോമീറ്റർ ദൂരം ശബ്ദ-ജല മലിനീകരണമില്ലാതെ സഞ്ചരിച്ചു കഴിഞ്ഞു.
ആദിത്യയ്ക്കു പുറമേ വേഗതയിൽ പുതിയ ചരിത്രം സൃഷ്ടിച്ച ഇരട്ട എഞ്ചിനുള്ള അതിവേഗ എസി ബോട്ട് വേഗ 120-യും യന്ത്രത്തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണ്. മുന്പ് തടി ബോട്ടുകളുമായി സർവീസ് നടത്തിയിരുന്ന ജലഗതാഗതവകുപ്പ് അത്യാധുനിക ബോട്ടുകൾ നീറ്റിലിറക്കി ജലഗതാഗതം കൂടുതൽ സുഖപ്രദവും ആനന്ദകരവുമാക്കിയിരുന്നു.
ദിവസേന 8000-ൽ അധികം പേർ കായൽ കടക്കുന്ന ഫെറിയിൽ യാത്രാ ക്ലേശമൊഴിവാക്കാൻ ബോട്ടുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.