വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടം ചരിത്ര സ്മാരകമായി പുനർനിർമിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്റെ തനിമ നിലനിർത്തി ബോട്ടുജെട്ടിയുടെ ചരിത്ര പ്രാധാന്യം പരിരക്ഷിക്കണമെന്ന ജനകീയ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പഴയ ബോട്ട് ജെട്ടിയുടെ ഫ്ളാറ്റ് ഫോം വീതി കൂട്ടി പുനർനിർമിച്ചു പഴയ ബോട്ടുജെട്ടിയും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. ഇറിഗേഷൻ വകുപ്പാണ് ബോട്ടു ജെട്ടിക്കെട്ടിടം പുനർ നിർമിച്ചു ഫ്ളാറ്റ് ഫോം നവീകരിക്കുന്നത്.
പദ്ധതിയുടെ കരാർ ഏറ്റെടുത്തയാൾ പഴയ ബോട്ടുജെട്ടിയുടെ ഫ്ളാറ്റ് ഫോമിന്റെ വശങ്ങളിൽ തൂണുകൾ നിർമിച്ചെങ്കിലും ഇതിൽ ഒരു തൂണിന്റെ ഭാര പരിശോധന മാത്രമാണ് നടന്നത്. കഴിഞ്ഞ മൂന്നു മാസമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
സാങ്കേതിക കാര്യങ്ങളുടെ പേരിൽ പദ്ധതി തുക വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കമാണ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനു പിന്നിലെന്നു നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന പദ്ധതി നിലച്ചതിൽ ജനരോഷം ഉയരുകയാണ്.
രാജ ഭരണ കാലത്ത് നിർമിക്കപ്പെട്ട ബോട്ടുജെട്ടി കെട്ടിടം അതിന്റെ പഴമയുടെ ഗരിമയിലാണ് ജനഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചത്. ഈ ബോട്ടുജെട്ടി കെട്ടിടത്തിൽ ഭിത്തികൾക്കു പകരം പലകകളാണ് പാകിയിരുന്നത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ കാലപ്പഴക്കത്താൽ ജീർണിച്ചു പൊട്ടിയപ്പോൾ കെട്ടിടത്തിനു ചോർച്ചയുണ്ടായതിനെത്തുടർന്ന് ഏറെ ഈടുണ്ടായിരുന്ന കെട്ടിടത്തിന്റെ കൂട്ടിലെ തടികളിൽ ചിലവ ജീർണിച്ചു.
കേടായ തടികൾ മാറ്റി പുതിയവ സ്ഥാപിച്ചു ബലപ്പെടുത്തിയാൽ ഇനിയും ഒരു പാടു വർഷങ്ങൾ ഈ ചരിത്ര സ്മാരകം തനിമ ചോരാതെ നിലനിർത്താനാകും. പുനർ നിർമാണത്തിന്റെ പേരിൽ കെട്ടിടത്തിന്റെ കൂട്ടുമാറ്റി പകരം ഇരുന്പു പൈപ്പുകൾ സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കത്തോട്എതിർപ്പുമായി ജനങ്ങൾ രംഗത്തു വന്നിരുന്നു.
ഉപ്പു കാറ്റടിക്കുന്ന കായലോരത്ത് പരിസ്ഥിതിക്കിണങ്ങും വിധം നിർമിക്കപ്പെട്ട ബോട്ടുജെട്ടിക്കെട്ടിടത്തിൽ ഇരുന്പു പൈപ്പുകൾ സ്ഥാപിച്ചാൽ അധികം വൈകാതെ തുരുന്പിച്ചു നശിക്കുമെന്ന് നാട്ടുകാർ പറയുന്നു. വൈക്കം സത്യഗ്രഹത്തിനു ഉൗർജം പകരാൻ മഹാത്മജിയടക്കമുള്ള മഹാത്മാക്കൾ വൈക്കത്തെത്തിയത് ഈ ബോട്ടുജെട്ടിയിലൂടെയാണ്.
ബോട്ടുജെട്ടി കെട്ടിടത്തിനു നടുവിൽ ടിക്കറ്റ് എടുത്തു ബോട്ടിലേറാൻ പോകുന്നവരേയും ബോട്ടിറങ്ങി വരുന്ന യാത്രക്കാരേയും വേർതിരിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള താങ്ങു കാലുകളിൽ ബന്ധിപ്പിച്ചിരുന്ന നീളമുള്ള തടി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അറുത്തു മാറ്റിയിരുന്നു.