വൈക്കം: മൂന്നു വനിതകൾ മാറ്റുരയ്ക്കുന്ന പെണ്പട്ടണത്തിലേക്കു ഉറ്റു നോക്കി രാഷ്ട്രീയ കേരളം. വൈക്കം നഗരത്തിന്റെ ഹൃദയ സ്പദനമറിഞ്ഞ് മൂന്നു വനിതാ സ്ഥാനാർഥികളും പ്രചരണച്ചൂടിൽ.
സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങി നേരിട്ടു വോട്ടഭ്യർഥിക്കുന്പോൾ അണിയറയിൽ മഹിളാ കൂട്ടായ്മകളും കണ്‍വൻഷനുകളും നടത്തി പ്രവർത്തകരും.
വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. പി.ആർ. സോന, എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശ, എൻഡിഎ സ്ഥാനാർഥി അജിതാ സാബുവും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രചരണ രംഗത്ത് വീറും വാശിയോടെ സജീവമായി.
സിറ്റിംഗ് എംഎൽഎയും സിപിഐ സ്ഥാനാർഥിയുമായ സി.കെ. ആശയുടെ വിജയത്തിനായി ഇടതുപക്ഷ മഹിളാസംഘടനകളുടെ നേതൃത്വത്തിൽ മഹിളാ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇന്നലെ വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ എൻഎഫ്ഐഡബ്ല്യു സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. പുഷ്പ മണിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
വൈക്കത്തെ നെല്ലറയായ വെച്ചൂരിലായിരുന്നു ഇന്നലെ സി.കെ. ആശയുടെ പര്യടനം. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളും സ്ഥാനാർഥിയെ അനുഗമിച്ചു. ഇന്നു തലയോലപ്പറന്പ് പഞ്ചായത്തിലാണ് പര്യടനം നടത്തുന്നത്.
കോട്ടയം മുൻ നഗരസഭ ചെയർ പേഴ്സണും യുഡിഎഫ് സ്ഥാനാർഥിയുമായ ഡോ. പി.ആർ. സോന തലയാഴം മണ്ഡലത്തിലെ കോളനികളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ഇന്നലെ തെരഞ്ഞെടുപ്പു പര്യടനം നടത്തിയത്.
വിവിധ കോളനികളിലും കൊതവറ സെന്റ് സേവ്യേഴ്സ് കോളജ്, വ്യാപാര സ്ഥാപനങ്ങൾ, കസ്തൂർബാ കയർ സൊസൈറ്റി ട്രയിനിംഗ് ക്യാന്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്. ടിവിപുരത്തും തലയാഴത്തും മണ്ഡലം കണ്‍വൻഷനുകളും നടത്തി.
ബിഡിജെഎസ് സ്ഥാനാർഥി അജിതാ സാബു വൈക്കത്തെ വിവിധ ആരാധനാലയങ്ങൾ, സാമുദായിക സംഘടന ആസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പര്യടനം നടത്തിയത്.
നഗരത്തിലെ വ്യാപാരികളയും വ്യാപാരി സംഘടന ഭാരവാഹികളെയും സന്ദർശിച്ചു വോട്ട് അഭ്യർഥിച്ച അജിതാ സാബു കാട്ടിക്കുന്നു തുരുത്തുനിവാസികളുടെ ജീവിതദുരിതവും കണ്ടറിഞ്ഞു.