വൈക്കം: വൈക്കം – വെച്ചൂർ റോഡിൽ തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിനു മുൻവശത്തെ ഇല്ലിക്കൽ വളവിൽ അപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും വളവു നിവർത്തുന്നതിനു അധികൃതർ നടപടി സ്വീകരിക്കാൻ വിമുഖതകാട്ടുന്നു. ഇന്നലെ വൈകുന്നേരം ടിപ്പർ ലോറി ഇടിച്ച് ദന്പതികൾ മരിച്ച അപകടത്തിനു വൈക്കം – വെച്ചൂർ റോഡിലെ വീതിക്കുറവും കാരണമാണ്. വീതി കുറഞ്ഞ വളവിൽ എതിരെ വരുന്ന വാഹനത്തെ കാണാൻ കഴിയാത്തതാണ് ഇവിടത്തെ പ്രശ്നം.
കഴിഞ്ഞ വർഷം ചേർത്തലയിൽ നിന്നും വൈക്കത്തെ ഭാര്യവീട്ടിലേക്കു ബൈക്കിൽവന്ന ഗൃഹനാഥൻ മറ്റൊരു വാഹനം മറികടന്നപ്പോൾ ഈ വളവിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു മരിച്ചു. ഒന്നര വർഷം മുന്പ് ഭർത്താവുമൊത്ത് സ്കൂട്ടറിൽ വന്ന വീട്ടമ്മ ബസും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു.
ഈ വളവിനു മുൻവശത്താണ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി എട്ടു പേർക്ക് പരിക്കേറ്റത്. ഇതേ റോഡിൽ ക്ഷീരോൽപാദകസംഘത്തിനു സമീപത്തെ ഇടുങ്ങിയ വളവിലും നിരവധി പേരുടെ ജീവൻ അപകടത്തിൽ നഷ്ടമുണ്ടായിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലേയ്ക്ക് ദിനംപ്രതി ആയിരക്കണക്കിനു വാഹനം കടന്നു പോകുന്ന വൈക്കം – വെച്ചൂർ റോഡിനു പല ഭാഗത്തും കഷ്ടിച്ചു അഞ്ചു മീറ്ററാണ് വീതി. ഇവിടെ മരണപ്പെട്ടതിന്റെ പല മടങ്ങ് ആളുകൾ ഗുരുതരമായി പരിക്കേറ്റ് ജീവച്ഛവമായിട്ടുണ്ട്.
നിരത്ത് ദിനംപ്രതി ചോരക്കളമായിട്ടും റോഡിനായി സ്ഥലം വിട്ടുനൽകാൻ പലരും തയ്യാറാകുന്നില്ല. 13 മീറ്റർ വീതിയിൽ വൈക്കം – വെച്ചൂർ റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനു 92 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു. റോഡ് നിർമ്മാണത്തിനും സ്ഥലമേറ്റെടുക്കുന്നതിനു നഷ്ടപരിഹാരം നൽകുന്നതു കൂടി കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നത്.റോഡിന്റെ വീതി നിർണയം നടത്തി അധികൃതർ കല്ലു സ്ഥാപിച്ചുവരികയാണ്.