വൈക്കം: ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ഫയർമാനെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലിസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വെച്ചൂർ മുച്ചൂർക്കാവ് കട്ടമടയിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് താറാവുകളെ കൊന്ന് സംസ്കരിക്കുന്നിടത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിൽ വൈക്കം ഫയർ സ്റ്റേഷനിലെ ഫയർമാൻ അരുണ്‍ രാജിന് പരിക്കേൽക്കുകയും ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ല് തകരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. വെച്ചൂർ സ്വദേശികളായ അഖിൽ പ്രസാദ് (26), വിപിൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇവരെ എസ്ഐമാരായ അജ്മൽ ഹുസൈൻ, കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷിപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇനി രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വെച്ചൂർ അച്ചിനകം സ്വദേശിയായ അനന്തു ഷാജിയും അഖിൽ പ്രസാദുമായി അടിപിടിയുണ്ടായതിനെ തുടർന്ന് പോലിസ് കേസെടുത്തിരുന്നു.
ഇവർ തമ്മിലുള്ള വിരോധം തുടരുന്നതിനിടയിൽ അനന്തുഷാജി കട്ടമടയിൽ താറാവുകളെ കൊന്നു സംസ്കരിക്കുന്നിടത്ത് തൊഴിലാളികൾക്കൊപ്പമുണ്ടെന്നറിഞ്ഞ് അഖിൽ പ്രസാദ് സുഹൃത്തുക്കളുമായെത്തി. ഇരു വിഭാഗവും തമ്മിൽ നടന്ന വാക്കേറ്റം പിന്നീട് കല്ലേറിൽ കലാശിക്കുകയായിരുന്നു.
കല്ലേറിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഫയർമാന്റെ കാലിൽ പരിക്കേറ്റു. ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ലുടഞ്ഞു. ഫയർഫോഴ്സിന്റെ പരാതിയെ തുടർന്നാണ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.