വൈക്കം: ഹണിട്രാപ്പിൽ വൈക്കത്തെ ഗൃഹനാഥനു പുറമെ മറ്റു ചിലരെയും കെണിയിൽപ്പെടുത്തി യുവതി പണം തട്ടിയെടുത്തതായി സൂചന.
പോലീസ് പ്രതികളെന്ന് സംശയിക്കുന്ന യുവതിയടക്കമുള്ളവരുടെ ഫോണ് രേഖകൾ പരിശോധിച്ചതിനെത്തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
പണം നഷ്ടമായ പലരും മാനക്കേട് ഭയന്നാണ് പരാതിയുമായി മുന്നോട്ടു വരാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനകം പോലീസ് ചിലരിൽനിന്നു വിവരങ്ങൾ തേടിയതോടെ കെണിയിലകപ്പെട്ട പലരും ഭീതിയിലാണ്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡു രൂപീകരിച്ചാണ് അന്വേഷണം.
ഇതിനിടെ കേസുമായി ബന്ധപ്പെട്ടു പോലീസ് പുറത്തുവിട്ട ചിലരുടെ ചിത്രങ്ങൾ അബദ്ധത്തിൽ നൽകപ്പെട്ടതാണെന്നും അവർ നിരപരാധികളാണെന്നും പോലീസ് അധികൃതർ അറിയിച്ചു.