വൈക്കം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ 57 കാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ പ്രതികൾ പോലിസ് പിടിയിലാകുന്നതിലേക്കു നയിച്ചത് യുവതിക്കൊപ്പം താമസിക്കുന്ന യുവാവിന്റെ പണത്തോടുള്ള ആർത്തി.
ഹണി ട്രാപ്പിലെ മുഖ്യപ്രതിയായ കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിയായ രഞ്ജിനി ( 28 ) ഭർത്താവുമായി പിരിഞ്ഞ ശേഷം എരുമേലി സ്വദേശി സുബിനൊ (35) പ്പമാണിപ്പോൾ താമസിക്കുന്നത്.
വൈക്കം സ്വദേശിയെ കെണിയിൽപ്പെടുത്തി135000 രൂപ കൈക്കലാക്കിയ ശേഷവും കൂടുതൽ പണത്തിനായി വൈക്കം സ്വദേശിയെ ബ്ലാക്ക്മെയിൽ ചെയ്തതോടെയാണ് സംഭവം വഷളായത്.
ഭേദപ്പെട്ട തുക ലഭിച്ചതോടെ പിൻവാങ്ങാമെന്ന് യുവതി നിർബന്ധിച്ചെങ്കിലും യുവതിയുമായി മധ്യവയസ്കൻ നടത്തിയ ചാറ്റിംഗിലെ എരിവും പുളിയും ചേർത്തല ഒറ്റപുന്ന ലോഡ്ജിലെ ചൂടൻ രംഗങ്ങളും കൂടുതൽ പണം ലഭിക്കാൻ പര്യാപ്തമാണെന്ന നിലപാടിലായിരുന്നു സുബിൻ.
സുബിൻ കൂട്ടാളിയായ എറണാകുളം വൈപ്പിൻ സ്വദേശിയായ ജസ് ലിൻ ജോസിയുമായി ചേർന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് വൈക്കം ബോട്ടുജെട്ടിക്കു സമീപം നടത്തിയ വഴക്കിനെ തുടർന്നുണ്ടായ പോലിസ് കേസാണ് ഇവരെ കുടുക്കിയത്.
യുവതിയുടേയും കൂട്ടാളികളുടേയും ഫോൺ പരിശോധിച്ചപ്പോൾ വൈക്കത്തെ നിരവധി പേർക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെങ്കിലും പരാതി ഇല്ലാത്തതിനാൽ പോലിസ് ഇക്കാര്യത്തിൽ ഗൗരവം കാട്ടിയില്ല.
സമാന രീതിയിൽ ഇവരുടെ കെണിയിൽപ്പെട്ട വൈക്കത്തെ ചില വ്യാപാരികൾ ചോദിച്ച പണം നൽകി തലയൂരുകയായിരുന്നു.
തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പോലിസ് ഇന്നു കോടതിയിൽ ഹാജരാക്കും.