വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിനു സമീപം വരാന്തയിൽ പ്രസവിച്ച യുവതിയെ മുക്കാൽ മണിക്കൂറോളം വരാന്തയിൽ തന്നെ കിടത്തിയതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് നഗരസഭാ അധികൃതരും താലൂക്ക് ആശുപത്രി അധികൃതരോടു വിശദീകരണം തേടി. വൈക്കം ചെമ്മനാകരി കുളങ്ങരയിൽ അജിത്തിന്റെ ഭാര്യ വിദ്യ(21) ആണ് കഴിഞ്ഞ ദിവസം വരാന്തയിൽ പ്രസവിച്ചത്.
മറ്റൊരു ആശുപത്രിയിൽ ചികിത്സിച്ചു വന്ന ഗർഭിണിയായ യുവതി ശാരീരികമായി അസ്വസ്ഥത തോന്നിയതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം മാതാവുമായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.
രക്തക്കുറവുണ്ടായിരുന്ന യുവതിക്ക് രക്തം നൽകാനുള്ള സംവിധാനം വൈക്കത്തില്ലാത്തതിനാൽ ബന്ധുക്കൾ ചെമ്മനാ കരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു രക്തമെത്തിച്ചു. രാത്രി എട്ടോടെ രക്തം കയറ്റി തീർന്നു.
ഭക്ഷണം കഴിച്ച യുവതിക്കു വയറു വേദന അനുഭവപ്പെട്ടപ്പോൾ ടോയ്ലെറ്റിനോടു പോകാനായി നടന്നു. യുവതി പ്രയാസപ്പെട്ടു നടക്കുന്നതുകണ്ട് ഓടി വന്ന നഴ്സ് ഒബ്സർവേഷൻ റൂമിലെ ടോയ്ലെറ്റിൽ കൊണ്ടുപോകാനായി ശ്രമിച്ചെങ്കിലും അസ്വസ്ഥത കൂടിവന്ന യുവതി സമീപത്തെ ബെഞ്ചിലിരുന്നു.
സംശയം തോന്നിയ നഴ്സ് യുവതിയെ പരിശോധിച്ചപ്പോൾ കുഞ്ഞു പുറത്തേക്കു വന്നു തുടങ്ങിയതറിഞ്ഞത്. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മിനിയെ വിവരമറിയിച്ചു വരുത്തി വരാന്തയിൽ വച്ചു തന്നെ പ്രസവമെടുത്തു.
പിന്നീട് രക്തസ്രാവമുണ്ടായ യുവതിയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞു പുറത്തേക്കു വന്ന സാഹചര്യത്തിൽ യുവതിയെ വരാന്തയിൽ നിന്നു മാറ്റുന്നത് ആപത്തിനിടയാക്കുമെന്നതിനാലാണ് അവിടെ തന്നെ ക്രമീകരണം നടത്തി പ്രസവമെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു വ്യക്തമാക്കി.
ഇതു സംബന്ധിച്ച റിപ്പോർട്ടു ഉടൻ നഗരസഭ അധികൃതർക്കു നൽകുമെന്നും സുപ്രണ്ട് അറിയിച്ചു. മെഡിക്കൽ കോളേജിലെ വിദഗ്ധ പരിചരണത്തെ തുടർന്നു അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തു സാധാരണ നിലയിലേക്ക് എത്തി.