വൈക്കം: കായൽ മലിനീകരണം ശക്തിപ്പെട്ടതോടെ കക്കാ പൊട്ടി നശിക്കുന്നത് വ്യാപകമാകുന്നു. അപ്പർകുട്ടനാട്ടിലേയും കുട്ടനാട്ടിലേയും കൃഷിയിടങ്ങളിൽനിന്നു പുറംതള്ളുന്ന രാസമാലിന്യങ്ങളും വ്യവസായ ശാലകളിൽനിന്ന് ഒഴുക്കുന്ന വിഷ ദ്രാവകവും കായലിലെത്തുന്നതാണ് കായൽ മലിനീകരണത്തിനു കാരണം.
വേന്പനാട്ടു കായലിൽ കക്ക നല്ല പങ്കും പൊട്ടി നശിക്കുകയാണ്. തൊഴിലാളികൾ വാരിയെടുക്കുന്ന കക്കയിൽ അഞ്ചിലൊരു ഭാഗം പൊട്ടിയതാണ്. വേന്പനാട്ടു കായലുമായി ബന്ധപ്പെട്ട് കക്ക വാരലിൽ മാത്രം ഉപജീവനം കണ്ടെത്തുന്നത് ആയിരക്കണക്കിനു നിർധന കുടുംബങ്ങളാണ്. തൊഴിലാളികളുടെ ദൈനംദിന ജീവിതം നടക്കുന്നതു കക്ക ഇറച്ചി വിറ്റാണ്.
കക്കയിറച്ചിയുടെ വിലയിടിഞ്ഞതോടെ കഠിനാധ്വാനം നടത്തിയിട്ടും കുടുംബം പുലർത്താൻ കഴിയാത്ത സ്ഥിതിയിലേക്കു തൊഴിലാളികളെ എത്തിച്ചിരിക്കുകയാണ്. പുലർച്ചെ മുതൽ ഉച്ചവരെ അധ്വാനിച്ച് പത്ത്പാട്ട കക്ക വാരിയാൽ അതിൽ എട്ടു പാട്ടയോളമേ പൊട്ടാത്ത കക്ക ലഭിക്കുന്നുള്ളു. ഇതിൽ നിന്ന് 16 കിലോഗ്രാം ഇറച്ചി ലഭിക്കും. ഒരു കിലോ കക്ക ഇറച്ചിക്കിപ്പോൾ 30 രുപയായി വില താഴ്ന്നിരിക്കുകയാണ്.
കായലിലെ കഠിനാധ്വാനവും കക്ക വേവിച്ച് ഇറച്ചിയാക്കാൻ ഒരു കുടുംബമൊന്നാകെ നടത്തുന്ന പ്രയത്നവും കണക്കിലെടുക്കുന്പോൾ ഇറച്ചിക്ക് കിലോക്ക് 50 രൂപയെങ്കിലും ലഭിച്ചാലെ തങ്ങളുടെ കുടുംബം നടത്തിക്കൊണ്ടുപോകാനാകുവെന്ന് തൊഴിലാളികൾ പറയുന്നു. കക്കത്തൊണ്ട് പാട്ടയ്ക്ക് 35 നും 40 രൂപയ്ക്കും മധ്യേ വിലയ്ക്കാണ് പോകുന്നത്. കക്ക സൊസൈറ്റികൾ പലതും കക്കാ ലഭ്യത കുറഞ്ഞതും തൊഴിലാളികളുടെ കുറവും സ്വകാര്യ സംരംഭകരുടെ മത്സരവും മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ കക്കാ സംഘങ്ങളുടെ പ്രവർത്തനം ഊർജിതമാക്കാൻ സർക്കാർ മുന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു സംഘത്തിനു 25 ലക്ഷം വീതമാണ് സഹായധനം. ഈ തുക കായലിൽ മല്ലികക്ക നിക്ഷേപിച്ച് കക്ക ഉത്പാദനം വർധിപ്പിക്കുന്നതിനുമാണ് അനുവദിച്ചിട്ടുള്ളത്.
ഡിസംബറോടെ ഓരിന്റെ അളവു കൂടുന്നതോടെ കക്ക ഇറച്ചി ലഭ്യത ഇപ്പോഴത്തേതിന്റെ പകുതിയായി കുറയും. പിന്നീടുള്ള നാലഞ്ചു മാസങ്ങൾ തങ്ങൾക്ക് വറുതിയുടെ കാലമാണെന്ന് തൊഴിലാളികൾ പറയുന്നു.
സർക്കാർ ഇപ്പോൾ അനുവദിച്ച സഹായധനം ഈ മേഖലയിലെ തൊഴിലാളികളോടുള്ള സഹാനുഭൂതിയുടെ തെളിവാണെങ്കിലും കായൽ മലിനീകരണ മൊഴിവാക്കാൻ നടപടി ശക്തമാക്കിയാലേ ആശ്വാസ നടപടികൾ ഫലപ്രദമാകുവെന്ന് തൊഴിലാളികൾ പറയുന്നു.