വൈക്കം: വൈക്കം കായലിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു. കായലിലുടനീളം പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്ക് കൂടുകളും കുന്നുകൂടുകയാണ്. തെർമോകോൾപെട്ടികളും കായലോരത്ത് ഒഴുകി നടക്കുന്നു.
പായലും പുല്ലും പോള പായലും വളർന്നു തിങ്ങിയ കായലിൽ ലവണാംശം വർധിച്ചതോടെ പായലും പോളയും ചീഞ്ഞളിഞ്ഞു കായലിൽ താണതോടെയാണ് ഇവയ്ക്കിടയിൽ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം തീരത്ത് അടിഞ്ഞത്.
പ്ലാസ്റ്റിക് കൂടുകൾ കായലിന്റെ അടിത്തട്ടിൽ കിടന്ന് ജീർണിച്ചത് മത്സ്യങ്ങളുടെ ഉള്ളിലും ചെന്നിട്ടുണ്ട്.കായലിൽനിന്ന് ലഭിക്കുന്ന മൽസ്യങ്ങളിൽ ചിലതിന്റയുള്ളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം കണ്ടെടുത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി കായൽ ശുചീകരിക്കുന്നതിന് അധികൃതർ പദ്ധതി തയാറാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.