ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വ്യത്യസ്തരീതിയിൽ ആദരമൊരുക്കി ഒരു ചിത്രകാരൻ. പാനൂർ കിഴക്കെ ചമ്പാട് സ്വദേശി പവി കൊയ്യോട് ആണ് വൈക്കം മുഹമ്മദ് ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ’ എന്ന കഥയെ ആസ്പദമാക്കി ചിത്രരചന നടത്തിയത്.
ബഷീറിന്റെ ചരമാവാർഷികദിനത്തോടനുബന്ധിച്ചാണ് ആദരം ഒരുക്കിയത്. ഭൂമിയുടെ അവകാശികൾ എന്ന കഥയെ ആസ്പദമാക്കി ജീവജാലങ്ങളെ മാത്രം ഉപയോഗിച്ച് ബഷീറിന്റെ മുഖചിത്രം രചിക്കുകയായിരുന്നു. ഇന്ത്യൻ ഇങ്ക് പേനയുപയോഗിച്ചായിരുന്നു ചിത്രം രചിച്ചത്. വാട്ടർ കളർ ഉപയോഗിച്ച് ചിത്രങ്ങളുടെ പെയിന്റിംഗും ചെയ്തു. നാലുദിവസം വേണ്ടി വന്നു ചിത്രം പൂർത്തിയാക്കാൻ.
ചിത്രത്തിൽ മുഖത്തിന്റെ ഓരോ ഭാഗങ്ങളുടെയും ലൈറ്റ് ആൻഡ് ഷേഡിംഗ് കണ്ണ്, മൂക്ക്, ചുണ്ട്, മീശ തുടങ്ങിയ ഭാഗങ്ങൾക്ക് അനുയോജ്യമായ ജീവജാലങ്ങളെ കണ്ടെത്തി ചേർത്തുവയ്ക്കുകയായിരുന്നു. ആനയും കുതിരയും സിംഹവും, മീനുകളും വണ്ടുകളും ഉൾപ്പെടെ ഭൂമിയുടെ അവകാശികളായ ജീവജാലങ്ങൾഎല്ലാം ചിത്രത്തിലുണ്ട്. ഓരോ ജീവജാലങ്ങളെയും കൃത്യമായി മനസ്സിലാവുന്ന രീതിയിലാണു ചിത്രം തയാറാക്കിയിരിക്കുന്നത്.
പവി കൊയ്യോടിന്റെ ചിത്രകലാ കുടുംബവും പൂർണ പിന്തുണയുമായി ഒപ്പം നിന്നു. മുഴത്തടം ഗവ. യുപി സ്കൂളിലെ ചിത്രകല അധ്യാപികയാണ് ഭാര്യ ഇ.വി. റബ്ന. മകൻ ദ്രോണയും ചിത്രകാരനാണ്.