വൈക്കം: ഭാര്യയെ കസേരയ്ക്ക് അടിച്ചു തലയ്ക്കു പരിക്കേൽപിക്കുകയും തേങ്ങ പൊതിക്കുന്ന ഇരുന്പുപാരയ്ക്ക് അടിച്ചു കാലിനു പൊട്ടലുണ്ടാക്കുകയും ചെയ്തെന്ന കേസിൽ പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവച്ചു ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. വൈക്കം കാളിയാട്ടു നട കുറത്തിത്തറയിൽ ജയകുമാർ (45) ആണ് ഭാര്യ ഇന്ദു (40) വിനെ വെള്ളിയാഴ്ച രാത്രി മർദിച്ച കേസിൽ പോലീസ് പിടിയിലായത്.
ഇന്ദുവിനെ ഫയർഫോഴ്സ് എത്തി രാത്രിതന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ പതിമൂന്നു വയസുള്ള മകൻ മർദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതു പോലീസിനു ലഭിച്ചിരുന്നു.
പോലീസ് കേസ് നടപടി പൂർത്തിയാക്കുന്നതിനിടെ ഇയാൾ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ സ്റ്റേഷനിലെ ശുചി മുറിയിൽ കയറി മുറിയിലുണ്ടായിരുന്ന ബ്ലേഡുകൊണ്ടു കഴുത്തിലും കൈയിലും മാരകമായി മുറിവേൽപിക്കുകയായിരുന്നു. കഴുത്തിലെ ഞരന്പു മുറിഞ്ഞിരുന്നു. പോലീസ് ഉടൻ താലുക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. വൈക്കത്തു ടാക്സി ഡ്രൈവറായിരുന്ന ജയകുമാർ പിന്നീടു വിദേശത്തു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങൾക്കു മുന്‍പാണു നാട്ടിൽ മടങ്ങിവന്നത്. 15 വർഷങ്ങൾക്ക് മുന്‍പ് വിവാഹിതരായ ദന്പതികൾക്ക് 13 വയസുള്ള ആണ്‍കുട്ടിയും രണ്ടര വയസുള്ള പെണ്‍കുട്ടിയുമുണ്ട്.
ഭാര്യയെ സംശയിച്ചാണ് ഇയാൾ മദ്യലഹരിയിൽ മർദിച്ചതെന്നും ഇതേ കാരണത്തിന്റെ പേരിൽ അടിപിടിയുണ്ടാക്കിയതിനു വൈക്കം സ്റ്റേഷനിൽ കേസുണ്ടെന്നും പോലീസ് അറിയിച്ചു.
മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ
സംഭവത്തിൽ വൈക്കം സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് സസ്പെൻഡു ചെയ്തു. എഎസ്ഐ കെ.എസ്.ഷാജി, സിപിഒ എച്ച്.റഫീക്ക്, വനിതാ സിപിഒ ചെലീല എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. വൈക്കം ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.