വൈക്കം: വൈക്കം കായലോരത്ത് കെടിഡിസി മോര്ട്ടലിനും സത്യഗ്രഹസ്മൃതി ഉദ്യാനത്തിനും മധ്യേ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലേക്കു തുറക്കുന്ന ഓടയില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് ഇവിടെ കനത്ത തോതില്‍ കെട്ടിക്കിടക്കുന്നത്. ഇതിനിടയിലാണ് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കൂടുകളും അടിഞ്ഞിരിക്കുന്നത്.
മാലിന്യങ്ങളില്‍നിന്നും കടുത്ത ദുര്‍ഗന്ധമാണ് വമിക്കുന്നത്. കായലോര ബീച്ചിലും സത്യഗ്രഹ സ്മൃതി ഉദ്യാനത്തിലും കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ക്കു കായലോരത്തെ മാലിന്യക്കൂന്പാരം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.
സാമൂഹ്യ വിരുദ്ധര്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവിടെക്കൊണ്ടുവന്നു നിക്ഷേപിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
വൈക്കത്ത് വേമ്പനാട്ടു കായലിന്റെ തീരങ്ങളില്‍ പലയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. മല്‍സ്യ സമ്പത്തിന്റെയും കായലിന്റെയും നാശത്തിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.