വൈക്കം: റോഡരികിൽ ചില്ല് ഗ്ലാസ് പൊട്ടിച്ചിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു യുവാവിനു കുത്തേറ്റ സംഭവത്തിലെ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. സംഭവം ഇപ്പോൾ സിപിഎം- ബിജെപി സംഘർഷമായി മാറിയിരിക്കുകയാണ്.
ചെന്പ് ടോളിനു സമീപം ബുധനാഴ്ച രാവിലെ 7.30നുണ്ടായ സംഘട്ടനത്തിലാണ് ചെന്പ് ടോൾ സ്വദേശി വിനീത് (25) കത്തികൊണ്ടു ഞരന്പു മുറിഞ്ഞ് ഗുരുതരാവസ്ഥയിലാണ്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ചെന്പ് ടോൾ സ്വദേശികളായ പ്രമോദൻ (50), മക്കളായ പ്രവീണ്‍ (22), അനന്തു (20) എന്നിവർക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. പ്രമോദനും മുത്തമകൻ പ്രവീണും സംഘടനത്തിൽ പരിക്കേറ്റ വിനീതും സിപിഎം പ്രവർത്തകരാണ്.
പ്രമോദന്റെ ഇളയ മകൻ അനന്തു ബിജെപി പ്രവർത്തകനുമാണ്. ബിജെപി പ്രവർത്തകർ ജില്ലാ പോലിസ് ചീഫിനു പരാതി നൽകി. ഇതോടെയാണ് സംഭവം സിപിഎം- ബിജെപി പോരിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ വിജയോദയം സ്കൂളിനു സമീപത്തെ നിരത്തിൽ വിനീത് ചില്ലു ഗ്ലാസ് പൊട്ടിച്ചിട്ടതുമായി ബന്ധപ്പെട്ട് പ്രമോദനുമായി തർക്കമുണ്ടായിരുന്നു പ്രമോദന്റെ മക്കൾ പിറ്റേന്ന് രാവിലെ വിനീതിനോട് ചോദിച്ചപ്പോഴുണ്ടായ കലഹമാണ് സംഘടനത്തിലെത്തിച്ചതെന്നു പോലിസ് പറഞ്ഞു.