കടുത്തുരുത്തി: ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. കോട്ടയം-എറണാകുളം മെയിൻ റോഡിൽ മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ചു ബസ് സ്റ്റോപ്പിനോട് ഏറ്റവും അടുത്തുള്ള ആദർശ് സ്റ്റേഷനാണിത്. ദിവസവും 50 ഓളം ട്രെയിനുകൾ ഇതുവഴി കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം-ഡൽഹി സർവീസായ കേരളാ എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പുണ്ടെങ്കിലും കേരളത്തിനകത്ത് സർവീസ് നടത്തുന്ന വഞ്ചിനാട്, വേണാട്, മലബാർ എക്സ്പ്രസുകൾ ഇവിടെ നിർത്തുന്നില്ല.
വിരലിലെണ്ണാവുന്ന ട്രെയിനുകളെ ഇവിടെ നിർത്തുന്നുള്ളു. ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ എത്തുന്നവർക്ക് കോട്ടയത്തോ എറണാകുളത്തോ ഇറങ്ങി ബസ് കയറി വീടുകളിൽ എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏതുസമയവും ടാക്സി സൗകര്യങ്ങളുമുള്ള റെയിൽവേ സ്റ്റേഷനാണ് വൈക്കം റോഡ്. ആറ് മാസം മുന്പാണ് 15 കോടി രൂപ മുടക്കി സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്.
മധ്യ-തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയിട്ടുള്ളവർക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ വലിയ സഹായകമാകും. ഒ.രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്നപ്പോൾ വൈക്കം റോഡിൽനിന്നും വൈക്കത്തേക്ക് ന്ധബൾബ് ലൈൻന്ധപദ്ധതി അനുവദിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കാനോ പ്രാവർത്തികമാക്കിയെടുക്കാനോ ആവശ്യമായ ഇടപെടലിന് തുടർന്നുവന്ന ജനപ്രതിനിധികൾ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
ആപ്പാഞ്ചിറയിൽനിന്നും മാന്നാർ, വടയാർ, മുട്ടുങ്കൽ വഴി വൈക്കത്തിനും അവിടെനിന്ന് വല്ലകം, തലയോലപ്പറന്പ് വഴി ആപ്പാഞ്ചിറയിൽ എത്തുന്ന ചെയിൻ സർവീസ് മാതൃകയിലുള്ള ട്രെയിൻ സർവീസാണ് ബൾബ് ലൈൻ പദ്ധതി. ഈ പദ്ധതി നടപ്പായിരുന്നെങ്കിൽ വൈക്കം റോഡ് സ്റ്റേഷൻ ജംഗ്ഷനായി ഉയർത്തപെടുമായിരുന്നു.
സ്വാഭാവികമായും ഇവിടെ ഏല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പും ഉണ്ടാകുമായിരുന്നു. കലാകാലങ്ങളായുള്ള ആവശ്യമാണ് ഇവിടെ എക്സ്പ്രസിനും മറ്റു പ്രധാന ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ളത്. പലപ്പോഴായി മാറിവരുന്ന ഗവണ്മെന്റുകളിൽ സമ്മർദ്ദം ചെലുത്തി ഇതു നേടിയെടുക്കാനുള്ളതേ ഉള്ളുവെങ്കിലും ഇക്കാര്യത്തിനായി ആരും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കോടികൾ മുടക്കി റെയിൽവേ സ്റ്റേഷൻ നവീകരിച്ചതിന്റെ പ്രയോജനം യാത്രക്കാർക്ക് ഉണ്ടാകണമെങ്കിൽ കുടുതൽ ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു. പാർലമെന്റിലെ ജനപ്രതിനിധികളുടെ ഉൾപ്പെടെയുള്ള ഉദാസീനതയാണ് വൈക്കം റോഡിൽ കുടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ആനുവദിക്കാൻ തടസമാകുന്നതെന്ന് പൗരസമിതി ഭാരവാഹികൾ ആരോപിക്കുന്നു.