കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ സപ്ലിമെന്റില്‍ വൈക്കത്തിന്റെ എംഎല്‍എയായ സി.കെ. ആശയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐ.
എംഎല്‍എയെ അവഗണിച്ച നടപടിക്കെതിരേ സിപിഐ ജില്ലാ നേതൃത്വം സര്‍ക്കാരിനു രേഖാമൂലം പരാതി നല്കി. ശതാബ്ദി സമ്മേളനദിവസം വൈകുന്നേരംതന്നെ സോഷ്യല്‍ മീഡിയയിലൂടെ സിപിഐ നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട എംഎല്‍എയെ അവഗണിച്ചെന്നായിരുന്നു പോസ്റ്റുകള്‍.
സമ്മേളനത്തില്‍ എംഎല്‍എയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയെന്നും പിആര്‍ഡി പരസ്യത്തില്‍ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു പറഞ്ഞു. സര്‍ക്കാരിനെ പരാതി അറിയിച്ചിട്ടുണ്ടെന്നും വി.ബി. ബിനു പറഞ്ഞു.
അതേസമയം ഇതുസംബന്ധിച്ച് ഒരു പരാതിയും വന്നിട്ടില്ലെന്നാണ് സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ മന്ത്രി വി.എന്‍. വാസവന് പ്രതികരിച്ചത്.
ഒരു വിവാദത്തിനും അവസരം നല്‍കാതെ ഒരു കുറ്റവും ഇല്ലാതെയാണ് പരിപാടി നടന്നതെന്നും പിആര്‍ഡിക്ക് തെറ്റു പറ്റിയെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വാസവന് പ്രതികരിച്ചു.
സിപിഐ ജില്ലാ ഘടകത്തിന് വിഭിന്നമായ നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സ്വീകരിച്ചത്. ജില്ലാ ഘടകത്തെയും എംഎല്‍എയെ പിന്തുണച്ച് പോസ്റ്റിട്ടവരെയും കാനം രാജേന്ദ്രന് തള്ളി.
ഇതോടെ വിവാദത്തിനിടയില്‍ സി.കെ. ആശ എംഎല്‍എ പരിപാടിയില്‍ തനിക്ക് മികച്ച പ്രാതിനിധ്യം ലഭിച്ചെന്ന് ഫേസ് ബുക്കില്‍ കുറിപ്പിട്ടു.
പിആര്‍ഡിക്ക് സംഭവിച്ച ന്യൂനത സര്‍ക്കാര്‍തന്നെ പരിഹരിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും സി.കെ. ആശ കുറിപ്പില്‍ വ്യക്തമാക്കി.
ആഘോഷ പരിപാടികളുടെ എല്ലാ കാര്യങ്ങളിലും തന്നെ ഉള്‍പ്പെടുത്തുകയും തന്റെ അഭിപ്രായം തേടുകയും ചെയ്തതായി സി.കെ. ആശ കുറിപ്പില്‍ പറയുന്നുണ്ട്.