വൈക്കം: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ചരിത്രസംഭവമായി.
അടുത്തനാളില്‍ വൈക്കം കണ്ടിട്ടില്ലാത്തവിധം വലിയ ജനസഞ്ചയമാണ് കായലോര ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ത്രിവര്‍ണ പതാകകള്‍ കായല്‍ കാറ്റില്‍ പാറിപ്പറന്ന സമ്മേളനവേദിയിൽ ഉച്ചകഴിഞ്ഞ് മൂന്നിനു ജനസഞ്ചയം നിറഞ്ഞു കവിഞ്ഞു.
സത്യഗ്രഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവായിരുന്ന ടി.കെ. മാധവന്റെ പേരിട്ടിരുന്ന നഗറിൽ പന്തല്‍ കവിഞ്ഞുള്ള ആളുകള്‍ക്ക് കാണുന്നതിനായി വലിയ സ്ക്രീനുകളുകളും സ്ഥാപിച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് അധ്യക്ഷനായ വേദിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാമുണ്ടായിരുന്നു. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍ എന്നിവരും വേദിയില്‍ സ്ഥാനംപിടിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് വേദിയിലേക്ക് ആനയിച്ചത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് ഖാര്‍ഗെ വേദിയിലെത്തിയത്. വേദിയിലെത്തുന്നതിനു മുമ്പായി സേവാദള്‍ പ്രവര്‍ത്തകരുടെ സല്യൂട്ടും സ്വീകരിച്ചു.
ഖാര്‍ഗെയുടെ പ്രസംഗത്തിനു മുമ്പായി പ്രമുഖ നേതാക്കളെല്ലാം പ്രസംഗിച്ചു. ഏറ്റവും ഒടുവിലായാണ് ഖാര്‍ഗെ പ്രസംഗിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയും വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാടക സമിതിയുടെ ഭാരവാഹിയുമായ എം. ലിജു ഖാര്‍ഗെയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തി.
സംഘാടക സമിതിയുടെ ഉപഹാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഖാര്‍ഗെയ്ക്കു സമ്മാനിച്ചു.ഡിഡിസിയുടെ ഉപഹാരം പ്രസിഡന്റ് നാട്ടകം സുരേഷും സമ്മാനിച്ചു.
സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് കെപിസിസി തയാറാക്കിയ വീഡിയോയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. പങ്കെുക്കാനെത്തിയവർക്ക് ഇരിപ്പിടം, കുടിവെള്ളം, മറ്റു ക്രമീകരണങ്ങൾ എന്നിവയ്ക്കായി സേവാദൾ വോളണ്ടിയർമാരുമുണ്ടായിരുന്നു.
ശതാബ്ദി ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹത കോണ്‍ഗ്രസുകാര്‍ക്ക്: വി.ഡി. സതീശന്
വൈക്കം: വൈക്കം സത്യഗ്രഹം പകര്‍ന്നുതന്ന തീജ്വാല കെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം പുതുതലമുറയ്ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ക്കാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്.
മണ്മറഞ്ഞുപോയ നമ്മുടെ നേതാക്കള്‍ പകര്‍ന്നുതന്ന ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ ഇന്നു നടമാടുന്ന വര്‍ഗീയതയും ഫാസിസവും കുഴിച്ചുമൂടാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയാറാകണമെന്നും അതിനുള്ള സമരത്തിന്റെ തുടക്കമാണ് ശതാബ്ദി സമ്മേളനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുല്‍ഗാന്ധിക്കായി വായ്മൂടിക്കെട്ടി നേതാക്കൾ
വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേദിയില്‍ രാഹുല്‍ഗാന്ധിക്കു കോൺഗ്രസ് പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.
അഴിമതിക്കെതിരെ പ്രസംഗിച്ചതിനു രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയെന്നാരോപിച്ചും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കണമന്നാവശ്യപ്പെട്ടുമായിരുന്നു കാമ്പയിന്.
ഞങ്ങള്‍ രാഹുല്‍ജിക്ക് ഒപ്പം എന്നെഴുതി രാഹുല്‍ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കറുത്ത തൂണി ഉപയോഗിച്ചു വായ്മൂടിക്കെട്ടിയുമാണ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചത്.
സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെ വേദിയിലുള്ള നേതാക്കളെല്ലാം പ്രതിഷേധ കാമ്പയിനില്‍ പങ്കുചേര്‍ന്നു.
യാഥാര്‍ഥ്യബോധം പകര്‍ന്ന മഹത്തായ സമരം: കെ. സുധാകരന്
വൈക്കം: വൈക്കം സത്യഗ്രഹസമരം കേരളത്തിനു മാത്രമല്ല ഇന്ത്യക്ക് യാഥാര്‍ഥ്യബോധം പകര്‍ന്നു നല്കിയ മഹത്തായ സമരമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹം അയിത്തത്തിനെതിരേയുള്ള സമരമായിരുന്നു. ഇതു കേരളത്തിന്റെ നവോത്ഥാനത്തിനു തുടക്കംകുറിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.
പുതിയ തലമുറയിലെ ആളുകള്‍ക്ക് സത്യഗ്രഹ സമരത്തിന്റെ ചരിത്രപരമായ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് കെപിസിസി സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ നടത്തുന്നതെന്നും കെ. സുധാകരന് പറഞ്ഞു.