കോട്ടയം: വൈക്കം മണ്ഡലത്തിൽ മൂന്നു കുടുംബിനികളുടെ നേരിട്ടുള്ള മത്സരമാണ്. യുഡിഎഫിൽ ഡോ. പി.ആർ. സോന, എൽഡിഎഫിൽ സി.കെ. ആശ, എൻഡിഎയിൽ അജിത സാബു എന്നിവരാണ് മത്സരരംഗത്തുള്ളത്.
പ്രചാരണച്ചൂടേറിയിരിക്കെ ദിവസം 100 കിലോമീറ്റർ വരെയാണ് പാടവും തോടും കായലും അതിരിടുന്ന തീരദേശ പാതകൾ താണ്ടി ക്ഷീണവും ചൂടും മറന്നുള്ള ഇവരുടെ വോട്ടഭ്യർഥന.
പകൽ പ്രചാരണം അവസാനിച്ചശേഷവും ക്ഷീണം മറന്ന് സ്ഥാനാർഥികൾ അർധരാത്രിവരെ പ്രവർത്തകരുമായി വിലയിരുത്തൽ നടത്തും.
അടുത്ത ദിവസം പ്രചാരണം നടത്തുന്ന പ്രദേശങ്ങളെ വിലയിരുത്തി പ്രസംഗത്തിൽ പറയേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തും.
വൈക്കത്ത് പ്രചാരണം കൊട്ടിക്കയറുന്പോൾ പ്രചാരണത്തിനൊപ്പം വീട്ടുകാര്യങ്ങൾ ഈ കുടുംബിനികൾ ഏറെ ജാഗ്രതയോ കൈകാര്യം ചെയ്യുന്നു.
പി.ആർ. സോന
സ്ഥാനാർഥിത്വം വന്നതോടെ പി.ആർ. സോന വൈക്കം ചാലാപ്പറന്പിൽ വീട് വാടകയ്ക്കെടുത്തു. ഭർത്താവിനൊപ്പം ഇവിടെയാണ് ഇപ്പോൾ താമസം.
കുട്ടികൾ സോനയുടെ എറണാകുളത്തെ വീട്ടിലേക്കു പോയി. പുലർച്ചെ അഞ്ചിന് ഉണരും. രാവിലെത്തെ ഭക്ഷണം വീട്ടിൽ തയാറാക്കും. ഭർത്താവിനു രാവിലെ എസ്എംഇയിൽ ജോലിക്ക് പോകണം.
ഇതിനു ശേഷം രാവിലെ ആറിനു പ്രചാരണത്തിന് ഇറങ്ങും. കാറിലാണ് യാത്ര. ഏതു പഞ്ചായത്തിലാണ് പ്രചാരണമെന്ന് നേരത്തെ തീരുമാനിച്ചിരിക്കും. അവിടെ നിന്നുള്ള വനിതാ പ്രവർത്തർ ഉൾപ്പെടെ കൂടെയുണ്ടാകും.
ചൂടിനെ പ്രതിരോധിക്കാൻ ഓറഞ്ചും പഴവും തിളപ്പിച്ചാറിയ വെള്ളവും കരുതും. ഉച്ചഭക്ഷണം പ്രവർത്തകർക്കൊപ്പം വീടുകളിൽ നിന്നോ ഹോട്ടലിൽ നിന്നോ ആവും.
വെജിറ്റേറിയനാണ് ഏറെയും കഴിക്കുന്നത്. ഇലക്ഷൻ അവലോകന യോഗത്തിനു ശേഷം രാത്രി 11നാണ് മടങ്ങി എത്തുക.
അത്താഴം വൈകിയാണെങ്കിലും ഭർത്താവിനൊപ്പമാണ്. ഓരോ ദിവസത്തെയും പ്രചാരണം ഭർത്താവുമായി ചർച്ച ചെയ്യും. കുട്ടികളുമായും സംസാരിക്കും.
ഇതിനുശേഷം രാത്രി വൈകിയാണ് തുണികഴുകൽ. പ്രചാരണത്തിനു പോകാൻ രണ്ടു മൂന്നു കോട്ടണ് സാരി വാങ്ങിയിരുന്നു. ഇതും പഴയതുമൊക്കെയായി അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കും.
സി.കെ. ആശ
പ്രചാരണം കഴിഞ്ഞ് എത്ര വൈകി ഉറങ്ങിയാലും പുലർച്ചെ നാലരയ്ക്കുണർന്ന് വീട്ടിലേക്ക് നാലു നേരത്തേ ഭക്ഷണം ഭർത്താവിനും മക്കൾക്കും തയാറാക്കുന്നതിൽ വീഴ്ചവരുത്തില്ലെന്നു സി.കെ. ആശ. എംഎൽഎ ആയതിനുശേഷം കഴിഞ്ഞ അഞ്ചു വർഷമായി തിരക്കിനു കുറവൊന്നുമില്ല.
വൈക്കത്തെ വീട്ടിലുള്ള ദിവസങ്ങളിലെല്ലാം പാചകം തനിയെയാണ്. വീട്ടിലെ മറ്റ് അംഗങ്ങൾ സഹായിക്കുകയും സാഹചര്യത്തോട് പൊരുത്തപ്പെടുകയും ചെയ്യും.
ഇത്തവണയും മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ തന്നെ വീട്ടിലേക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. കോട്ടണ് സാരികൾ അലക്കി സ്റ്റാർച്ചിൽ മുക്കി ഇസ്തിരിയിട്ടുവച്ചു.
രാവിലെ ഏഴരയ്ക്കു പ്രചാരണം തുടങ്ങിയാൽ രാത്രി ഏഴു വരെ ഓട്ടം തന്നെ. പിന്നെ ഒരു മണിക്കൂർ വീടു സന്ദർശനവും ചർച്ചയും.
ഇതിനിടെ കൊടുംചൂടിനെ പ്രതിരോധിക്കാൻ മൂന്നു തവണ കുളിച്ച് വസ്ത്രം മാറും. കുടിക്കാൻ സംഭാരവും ജ്യൂസും വെള്ളവും കഴിക്കാൻ പഴങ്ങളും സ്നാക്സും ഒപ്പമുള്ള പ്രവർത്തകർ കരുതും. യാത്രയ്ക്കിടെയിൽ ഏതെങ്കിലും പ്രവർത്തകരുടെ വീട്ടിലായിരിക്കും ഉച്ചഭക്ഷണം.
വിശ്രമം മറന്ന് എത്ര ദിവസം ഓടിയാലും വീട്ടുകാര്യങ്ങളിൽ വീഴ്ചയുണ്ടാക്കാൻ മനസുവരില്ല-ആശ പറഞ്ഞു.
അജിത സാബു
എൻഡിഎ സ്ഥാനാർഥി അജിത സാബു പേരൂരിലെ വീട് അനുജത്തിയെ ഏൽപ്പിച്ച് വൈക്കത്ത് വീട് വാടകയ്ക്കെടുത്ത് ഭർത്താവിനൊപ്പമാണ് പ്രചാരണം.
ഫൈനൽ ഇയർ എൻജിനിയറിംഗ് വിദ്യാർഥിയായ മകന്റെ കാര്യങ്ങൾ അനുജത്തിയും കുടുംബവും പേരൂരിലെത്തി താമസിച്ച് നോക്കുന്നു.
പച്ചക്കറി, പൂച്ചെടി തോട്ടങ്ങളുടെയും ഓമനപ്പൂച്ചയുടെയും പരിചരണം അനുജത്തിയെ ഏൽപ്പിച്ചശേഷമാണ് അജിതയും ഭർത്താവും വൈക്കത്ത് എത്തിയിരിക്കുന്നത്.
വാടകവീട്ടിൽ പാചകത്തിന് സൗകര്യമില്ലാത്തതിനാൽ പ്രഭാത ഭക്ഷണം പുറത്തുനിന്ന് വാങ്ങും. രാവിലെ അഞ്ചിനുണർന്നാൽ പ്രചാരണവും ചർച്ചകളും കഴിഞ്ഞ് രാത്രി ഒന്നിനു ശേഷമാണ് ഉറക്കം.
പ്രമേഹം കലശലാകാതെനോക്കേണ്ടതിനാൽ രാവിലെ രണ്ട് ഇഡലിയും ഉച്ചയ്ക്ക് അൽപം വെജിറ്റേറിയൻ ഉൗണും വൈകുന്നേരം ചപ്പാത്തിയും കഴിയ്ക്കും.
ചായയും കാപ്പിയും ഒഴിവാക്കി ചൂടുവെള്ളമാണ് കുടിക്കുക. ഇടയ്ക്ക് വെള്ളരിക്കയും മറ്റും കഴിക്കും. തെരഞ്ഞെടുപ്പുകാലം സഹനത്തിന്റേതാണല്ലോ. രാവിലെയും വൈകുന്നേരവും മുടക്കാത്ത കുളിയാണ് ചൂടിന് ആശ്വാസം.