വൈക്കം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ചുമതലയേൽക്കാനെത്തിയ ഈഴവനായ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് ഇന്നു ഇരുവിഭാഗത്തിന്റെയും മൊഴിയെടുക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേൽ ഉണ്ണി പൊന്നപ്പനാണ് ജാതിയുടെ പേരിൽ അവഗണന നേരിട്ടതായി പോലീസിൽ പരാതിപ്പെട്ടത്.
ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡിൽ അടുത്തിടെ നടന്ന പൊതു സ്ഥലംമറ്റത്തിന്റെ ഭാഗമായാണ് വൈക്കം കൃഷ്ണൻ കോവിലിലെ മേൽശാന്തിയായി നിയോഗിക്കപ്പെട്ടത്.
ഉണ്ണി പൊന്നപ്പൻ ചുമതലയേൽക്കാനായി എത്തിയപ്പോൾ നിലവിലെ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു.
പിന്നീട് മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെത്തി പകരക്കാരനായി വന്ന ശാന്തിയിൽനിന്ന് ശ്രീകോവിലിന്റെ താക്കോൽ ഉണ്ണി പൊന്നപ്പനു വാങ്ങി നൽകുകയായിരുന്നു. എന്നാൽ തിരുവാഭരണമടക്കമുള്ളവ കൈമാറാൻ പഴയ മേൽശാന്തി തയാറായില്ല.
ജൂലൈ 30നാണ് താൽക്കാലിക മേൽശാന്തിയിൽനിന്ന് താക്കോൽ വാങ്ങി ശ്രീകോവിൽ തുറന്ന് ഉണ്ണി പൊന്നപ്പൻ പൂജ ചെയ്ത് തുടങ്ങിയത്.
അന്ന് വൈകുന്നേരം അത്താഴ പൂജ കഴിഞ്ഞ് നട അടക്കുന്ന സമയം വൈക്കം ക്ഷേത്ര കലാപീഠത്തിലെ ഒരധ്യാപകൻ ക്ഷേത്രത്തിലെത്തി ഉണ്ണി പൊന്നപ്പനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു.
ഇവിടെ തുടരാൻ അനുവദിക്കില്ലെന്നു ഭീഷണിയും മുഴക്കിയാണ് ഇയാൾ മടങ്ങിയത്. മറ്റ് ക്ഷേത്ര ജീവനക്കാരുടേയും ഭക്തജനങ്ങളുടേയും മുന്നിൽ വച്ചായിരുന്നു അധിക്ഷേപം.
തുടർന്നായിരുന്നു ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡ് അധികൃതർക്കും പോലീസിനും പരാതി നൽകിയത്.