വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ ആഘോഷിക്കും. അഷ്ടമി ദർശനത്തിനായി ക്ഷേത്ര നഗരി ഒരുങ്ങി.നാളെ പുലർച്ചെ 3.30ന് നട തുറന്നു ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദർശനം.
ഈ മുഹൂർത്തിൽ സർവാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹന രൂപം ദർശിച്ച് സായൂജ്യം നേടുവാൻ ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിക്കും.
ശിവപ്രീതിക്കായി കഠിന തപസ് അനുഷ്ഠിച്ച വ്യാഘ്രപാദമഹർഷിക്ക് ശ്രീ പരമേശ്വരൻ ദിവ്യദർശനം നല്കി അനുഗ്രഹിച്ചതിന്റെ സ്മരണയ്ക്കാണ് അഷ്ടമി ആഘോഷിക്കുന്നത്. വ്യാഘ്രപാദ മഹർഷിക്ക് ദു:ഖ വിമോചനത്തിനായി അഭിഷ്ട വരം നൽകി അനുഗ്രഹിച്ച കൃഷ്ണാഷ്ടമി നാളിലെ ബ്രാഹ്മമുഹൂർത്തത്തിലാണ് അഷ്ടമി ദർശനം.
അഷ്ടമി ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശിക്കുന്ന ഭക്തർക്ക് ഭഗവാന്റെ കൃപാകടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
അഷ്ടമി ദർശനത്തിയി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ കിഴക്ക്, വടക്കേ ഗോപുരങ്ങളിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കണം.
ബലിക്കൽ പുരയിലൂടെ നാലന്പലത്തിൽ പ്രവേശിക്കുന്ന ഭക്തർ ദർശനത്തിനു ശേഷം വടക്കേ ഭാഗത്തു കുടി ഇറങ്ങി തെക്ക് – പടിഞ്ഞാറേ ഗോപുരം വഴി പുറത്തു പോകണം.
ക്ഷേത്രത്തിൽ ആരെയും തങ്ങുവാൻ അനുവദിക്കില്ല. ദേവീ ദേവൻമാരുടെ എഴുന്നള്ളിപ്പുകൾ രാത്രി ഒന്പതിന് ക്ഷേത്രത്തിൽ പ്രവേശിക്കണം.
വലിയ കാണിക്ക, കൂട്ടിയെഴുന്നള്ളിപ്പ് , യാത്രയയപ്പ് എന്നിവ 11.30ന് തീർത്ത് 12ന് ചടങ്ങുകൾ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമികരിച്ചിട്ടുള്ളത്. 28ന് ആറാട്ടോടെ 12 ദിനങ്ങൾ നീണ്ട അഷ്ടമി ഉൽസവത്തിനു സമാപനമാകും.
നാദസ്വരം വായിക്കുവാനുള്ള നിയോഗം ഹരിഹരയ്യർക്കും ഷാജിക്കും
വൈക്കം: അഷ്ടമി വിളക്കിന്റെ അവസാനം നടക്കുന്ന വിടപറയൽ സമയത്ത് ഇക്കുറി ദുഖകണ്ഠാരം രാഗത്തിൽ നാദസ്വരം വായിക്കുവാനുള്ള നിയോഗം വൈക്കം ക്ഷേത്ര കലാപീഠത്തിലെ അധ്യാപകരായ വൈക്കം ഹരിഹരയ്യർക്കും വൈക്കം ഷാജിക്കും.
വൈക്കം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന പരേതനായ കുഞ്ഞു പിള്ള പണിക്കർ ചിട്ടപ്പെടുത്തിയ രാഗത്തിൽ നാദസ്വരം വായിച്ചിരുന്നത് മക്കളായ പരേതരായ ഗോപാലകൃഷ്ണ പണിക്കരും രാധാകൃഷ്ണ പണിക്കരും ചേർന്നായിരുന്നു. ഇവർ ശിഷ്യമാരായ ഷാജിക്കും ഹരിഹരയ്യർക്കും ഈ രാഗസുധാരസം പകർന്നു നല്കിയിരുന്നു.
അഷ്ടമി പ്രാതൽ
വൈക്കം: അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിൽ അഷ്ടമി പ്രാതൽ ഇത്തവണയും ചടങ്ങായി നടത്തും. പ്രാതലിന്റെ അരിയളക്കൽ ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് ഇന്ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര കലവറയിൽ നടത്തും.