വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉൽസവത്തിനു കേളികൊട്ടുയരുന്പോൾ അഷ്ടമി ഉൽസവത്തിനു മുന്നോടിയായി നടത്തുന്ന സന്ധ്യ വേലയുമായി ബന്ധപ്പെട്ട ഉറവ വറ്റാത്ത കിണർ ഭക്തമനസുകളിൽ കുളിർമ പകരുന്നു. സന്ധ്യവേലയ്ക്കായി ശുദ്ധജലമെടുക്കാൻ കൊച്ചി രാജവംശമാണ് മഹാദേവ ക്ഷേത്രത്തിന്റെ ഉൗട്ടുപുരയോടു ചേർന്നുള്ള ഈ കിണർ സ്ഥാപിച്ചത്.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി പെരുന്പടപ്പ് സ്വരൂപത്തിന്റെ അധിപൻമാരായ കൊച്ചി രാജവംശം നടത്തിയിരുന്ന സന്ധ്യവേലയാണ് പെരുന്പടപ്പ് സന്ധ്യവേല. കൊച്ചി രാജാക്കൻമാർ അമൃതേത്തിന് മുൻപായി ദിവസേന ഒരു നിറപറ അരി അളന്ന് വൈക്കത്തപ്പന് വഴിപാടിനായി മാറ്റിവയ്ക്കുക പതിവായിരുന്നു.
ഇത് വർഷത്തിലൊരിക്കൽ ഉത്സവത്തിന് മുൻപ് വൈക്കത്ത് കൊണ്ടുവന്ന് പ്രാതൽ നടത്തിയിരുന്നു. സന്ധ്യ വേല ദിവസത്തെ പ്രാതലിന് വേണ്ട സകല സാധനങ്ങളും പെരുന്പടപ്പ് സ്വരൂപത്തിൽനിന്നാണ് കൊണ്ടുവന്നിരുന്നതെന്നതും പ്രത്യേകതയാണ്.
തിരുവിതാംകൂർ മഹാരാജാവുമായി ഉണ്ടായിരുന്ന അഭിപ്രായവ്യതാസം മൂലം സന്ധ്യവേല നടക്കുന്ന ദിവസം പ്രാതലിനും മറ്റും വേണ്ടിവരുന്ന വെള്ളം എടുക്കുവാൻ ഉൗട്ടുപുരയ്ക്ക് സമീപം ഒരു പ്രതേ്യക കിണറും കൊച്ചി രാജാക്കൻമാർ പണികഴിപ്പിച്ചിരുന്നു. രാജഭരണം അവസാനിച്ചതോടെ നിന്നുപോയ പെരുന്പടപ്പ് സന്ധ്യവേലയുടെ സ്മരണ പ്രോജ്വലിപ്പിച്ച് ക്ഷേത്രത്തിലെ ഉൗട്ടുപുരയ്ക്കടുത്ത് കുളിർ ജലം നിറഞ്ഞ ഈ കിണർ ഇപ്പോഴുമുണ്ട്.