വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ തിരിമറി നടന്നതായി കണ്ടെത്തി. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥിരീകരിച്ചു. ദേവസ്വം ബോർഡിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വഴിപാട് നടത്തുന്നതിനുള്ള രസീത് ബുക്കുകളിലാണ് ക്രമക്കേട് നടന്നത്. രസീത് ബുക്കുകൾ ദേവസ്വം രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തിയത്. എന്നാൽ ഓഡിറ്റ് വിഭാഗം ദേവസ്വം ബോർഡിലേക്ക് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. കാണാതായ നാല് രസീത് ബുക്കുകൾ ഓഡിറ്റ് പരിശോധനയിൽ കണ്ടെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
ജീവനക്കാരുടെ കുറവുമൂലം ഒരു വാച്ചറാണ് രണ്ട് വർഷമായി ക്ഷേത്രത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത്. ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസറുടെ അറിവോടെയായിരുന്നു വാച്ചറെ ഇതിനായി നിയോഗിച്ചിരുന്നത്. ഈ കാലയളവിൽ മൂന്ന് പേരാണ് അഡ്മിനിസ്ട്രേറ്റീവ് ചുമതല വഹിച്ചിരുന്നത്. ഇതിൽ ഒരാൾ അഡ്മിനിസ്ട്രേഷൻ ഓഫീസർ ഇൻ ചാർജ് ചുമതലയിലുമായിരുന്നു.
വഴിപാട് പണത്തിൽ 20 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ വാച്ചർ മൂന്നു മാസമായി ജോലിക്ക് എത്തിയിട്ടില്ല. വാച്ചർ മുങ്ങിയതോടെ ചുമതലയുണ്ടായിരുന്ന രണ്ട് പേർ നഷ്്ടപ്പെട്ട പണം അടച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള നീക്കം നടത്തിയതായാണ് വിവരം. എന്നാൽ ഒരാൾ ഇതുവരെ പണമടയ്ക്കാൻ തയാറായിട്ടില്ല. ഇതോടെ മുങ്ങിയ വാച്ചർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ്.
വേണ്ടത്ര ജീവനക്കാരില്ലാത്തത് ക്ഷേത്രം നടത്തിപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ദേവസ്വം അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആളിനെ നിയമിക്കാത്തതാണ് ലക്ഷങ്ങളുടെ തട്ടിപ്പിന് ഇടയാക്കിരിക്കുന്നത്. നിലവിൽ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ചുമതല ഏറ്റെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ജീവനക്കാർ ചുമതല ഏറ്റെടുക്കാൻ തയാറാകുന്നില്ല.
ക്ഷേത്രത്തിലെ സുരക്ഷയ്ക്ക് വേണ്ടത്ര ജീവനക്കാരെ നിയമിച്ചിട്ടില്ല. വൈക്കം മഹാദേവക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിനടക്കം എട്ട് വാച്ചർമാരാണ് വേണ്ടത്. എന്നാൽ മൂന്നു പേർ മാത്രമാണ് നിലവിലുള്ളത്. എന്നാൽ പണം വകമാറ്റി ചെലവഴിച്ചെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്. വിശദമായ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയുകയുള്ളൂ.