വൈക്കം: തട്ടുകടയിൽ ഉണ്ടായ നിസാരമായ തർക്കം വലുതായി ഇരുപത്തിനാലുകാരന്റെ ജീവനെടുത്ത സംഭവമായി മാറിയതിന്റെ നടുക്കത്തിലാണ് വൈക്കം. അഷ്ടമി ഉത്സവം കാര്യമായ അനിഷ്ടസംഭവങ്ങൾ കൂടാതെ പര്യവസാനിക്കുന്നതിന്റെ ആശ്വാസത്തിൽ ജനങ്ങളും അധികൃതരും സ്വസ്ഥരാകുന്നതിനിടയിലായിരുന്നു വലിയകവലയിലെ തട്ടുകടയിലുണ്ടായ തർക്കം ഇരുവിഭാഗങ്ങളെ ഏറ്റുമുട്ടലിലേക്കാണ് നയിച്ചത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട മേക്കര കരിയിൽ ശശിയുടെ മകൻ ശ്യാം കുലശേഖരമംഗലത്ത് ഓട്ടോ ഡ്രൈവറാണ്. മത്സ്യത്തൊഴിലാളി കുടുംബാംഗമായ യുവാവിനെക്കുറിച്ചു മറ്റുള്ളവർക്കും മോശം അഭിപ്രായമില്ലായിരുന്നു. കുടുംബത്തിലെ പ്രയാസങ്ങൾ മാറ്റാൻ ശ്യാം മാതാപിതാക്കളെ സഹായിച്ച് കുടുംബം കരകയറി വരുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.
നാട്ടുകാരുൾപ്പെട്ട സംഘവുമായുണ്ടായ സംഘർഷത്തിൽ മകന്റെ ജീവൻ പൊലിഞ്ഞതിൽ നെഞ്ചുപൊട്ടിക്കരയുന്ന മാതാപിതാക്കളെയും സഹോദരൻ ശരത്തിനേയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും കണ്ണീർ പൊഴിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വൈക്കത്ത് അക്രമിസംഘം;ആശങ്കയോടെ ജനം
വൈക്കം: വൈക്കം നഗരത്തിലും ഉൾപ്രദേശങ്ങളിലും സാധാരണ ജനങ്ങൾക്ക് ഭീഷണിയാകുന്ന കൗമാരക്കാരുൾപ്പെട്ട അക്രമിസംഘങ്ങൾക്കെതിരേ പോലീസ് നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. ഉയർന്ന സാങ്കേതിക വിദ്യയുള്ള വിലകൂടിയ ഫോണും ന്യൂ ജനറേഷൻ മോട്ടോർ ബൈക്കും ഉപയോഗിക്കുന്ന കൗമാരക്കാരായ യുവാക്കൾ സംഘം ചേർന്ന് ആക്രമിക്കുന്പോൾ പെപ്പർ സ്പ്രേ അടക്കമുള്ളവ എതിരാളികൾക്കു നേരേയും പൊതുജനങ്ങൾക്കു നേരേയും പ്രയോഗിക്കുകയാണ്.
നഗരത്തിൽ കഴിഞ്ഞദിവസം നടന്ന അടിപിടികളിലൊക്കെ പെപ്പർസ്പ്രേ ഉപയോഗിക്കപ്പെട്ടതായി പറയപ്പെടുന്നു. അക്രമികൾ പെപ്പർ സ്പ്രേ ഉപയോഗിച്ചപ്പോൾ ശ്വാസതടസമുണ്ടായി ഒരു ജന പ്രതിനിധി അടക്കം ചിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയതായി പറയപ്പെടുന്നു.
ഏതാനും ദിവസം മുന്പ് ഭർത്താവുമായി ബോട്ടുജെട്ടിക്കു സമീപത്തിരുന്ന യുവതിയെ ഒരു സംഘം യുവാക്കൾ കൈയേറ്റം ചെയ്യുകയും ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. അക്രമിസംഘം വഴിയോരത്തെ കടകളിൽനിന്നു സോഡാ കുപ്പികൾ എടുത്തെറിയുകയും കടയിലെ അലമാര തകർത്ത് നഗരത്തെ ഏതാനും മിനിട്ട് ഭീതിയുടെ മുൾമുനയിൽ നിർത്തുകയും ചെയ്തിരുന്നു.
ആ സംഭവത്തിനുശേഷം പത്തു മീറ്ററകലെ മറ്റൊരു സംഘട്ടനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് കൊല്ലപ്പെട്ടത് അക്രമസംഭവങ്ങൾ സാധാരണ കാര്യങ്ങളായി മാറുന്നതിന്റെ പ്രതിഫലനമാണെന്ന ഭീതിയാണുണ്ടാക്കുന്നതെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു.