കഥ പറയുമ്പോള്‍…! സുകന്യയുടെ കൂട്ടുകാരിയെയും സൂരജ് പ്രേമിച്ചു; മറ്റൊരിടത്തുപോയി ജീവിക്കാമെന്ന് ഗര്‍ഭിണിയായ സുകന്യ; തലയോലപ്പറമ്പ് കൊലപാതകം ഇങ്ങനെ…

vaikamതലയോലപ്പറമ്പ്: ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ കേസില്‍ പൊതി സൂരജ്ഭവനില്‍ വേലായുധപ്പണിക്കരുടെ മകന്‍ എസ്.വി. സൂരജിനെ (27) തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22)യെയാണ് പാറമടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഗര്‍ഭിണിയായിരുന്നു. പോലീസിനോടു കുറ്റസമ്മതം നടത്തിയ സൂരജാണു മൃതദേഹം കാട്ടിക്കൊടുത്തത്.

പൊതി മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള റബര്‍ തോട്ടത്തിനുള്ളിലെ  പാറമടയില്‍ ഇന്നലെ വൈകുന്നേരം നാലിനു സൂരജിനെ എത്തിച്ചു പൊലീസ് തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും. മുമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജും സുകന്യയും തമ്മില്‍ കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 12നു ഡ്യൂട്ടിക്കായി സുകന്യ വീട്ടില്‍നിന്നു പോയി. പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ, സുകന്യയുമായുള്ള സൂരജിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പോലീസ് ആ വഴിക്ക് അന്വേഷണം നടത്തുകയായിരുന്നു.

പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 12നു സൂരജ് തലപ്പാറയില്‍നിന്നു വാടകയ്ക്ക് എടുത്ത സാന്‍ട്രോ കാറില്‍ രാത്രിയോടെ യുവതിയെ പാറമടയ്ക്കു സമീപമുള്ള റബര്‍ തോട്ടത്തില്‍ എത്തിച്ചു പീഡിപ്പിച്ച ശേഷം പിറകില്‍നിന്നു പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പിന്നീട് ഇരുകൈകളും പിന്നിലേക്കാക്കി മൂന്നു വെട്ടുകല്ല് ശരീരത്തില്‍ ചേര്‍ത്തു കെട്ടി 50 അടിയിലധികം താഴ്ച വരുന്ന പാറമടയില്‍ തള്ളുകയായിരുന്നു. സുകന്യയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ സംശയത്തെത്തുടര്‍ന്നാണു സൂരജിനെ ചോദ്യംചെയ്തത്. പല കഥകള്‍ പറഞ്ഞ് ആദ്യം പോലീസിനെ കുഴപ്പിച്ചെങ്കിലും ഒടുവില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് യുവതിയെ കൊന്നു തള്ളിയ പാറമട  പ്രതി പോലീസിനു കാണിച്ചുകൊടുത്തു. ഏഴു ദിവസം പഴകിയ യുവതിയുടെ മൃതദേഹം പാറമടയില്‍ ഈ സമയം പൊങ്ങിക്കിടക്കുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. നേരത്തേ ഇതേ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന സൂരജ് മറ്റൊരു യുവതിയെ പ്രണയിച്ചാണു വിവാഹം ചെയ്തിരുന്നത്. പിന്നീടാണു സുകന്യയുമായി പ്രണയത്തിലായത്.

Related posts