മലയാളിയുടെ മനംകവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച്ചയുടെ പരിമിതികള്‍ക്കിടയിലും ശുദ്ധസംഗീതത്തിനായി ജീവിക്കുന്ന അതുല്യപ്രതിഭ. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് അവരുടെ മകളോ സഹോദരിയോ ഒക്കെയാണ് ഈ ഗായിക. വിജയലക്ഷ്മി വിവാഹിതയാകുകയാണെന്ന വാര്‍ത്ത ഏവരും സന്തോഷത്തോടെയാണ് കേട്ടത്. എന്നാല്‍ നിശ്ചയത്തിനുശേഷം ആ വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മിയും വീട്ടുകാരും പിന്മാറുകയും ചെയ്തു. തൃശൂര്‍ സ്വദേശിയായ സന്തോഷുമായുള്ള വിവാഹം വേണ്ടെന്നുവച്ചതിനെക്കുറിച്ച് വിജയലക്ഷ്മി മനസുതുറക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗായിക വെളിപ്പെടുത്തല്‍ നടത്തിയത്.
വിവാഹം വേണ്ടെന്നു വച്ചതിനു ശേഷം വലിയ ആശ്വാസം തോന്നുന്നു. മനസ് ഫ്രീ ആയ പോലെ. കല്യാണത്തിന്റെ ടെന്‍ഷനോ മറ്റു ചിന്തകളോ ഇല്ലാതെ പൂര്‍ണമായി അര്‍പ്പിച്ച് വീണ വായിക്കാനായി. ആ ചിന്തകളോടെയാണ് ഞാനിരുന്നതെങ്കില്‍ ഇത്രയും നന്നാകുമായിരുന്നോ എന്നു സംശയമുണ്ട്. സ്ത്രീയുടെ കലാജീവിതം പൂര്ണതയിലെത്താന് വിവാഹം തടസമാകുമെന്നാണിപ്പോള് തോന്നുന്നത്. മറിച്ച് സംഭവിക്കണമെങ്കില്‍ അത്രയും അര്‍പ്പണമനോഭാവമുള്ള പങ്കാളിയെ കിട്ടണം. നമ്മളെ അറിയുകയും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനസ്സുള്ള ഒരാളായാല്‍ കുഴപ്പമില്ല. എല്ലാ ബന്ധങ്ങളും നമ്മളെ പിന്തുണയ്ക്കണമെന്നില്ല.
ഈ വിവാഹം വേണ്ടെന്നുവയ്ക്കുന്നതു വരെ ടെന്‍ഷനായിരുന്നു. ആദ്യം ടെന്‍ഷനുണ്ടായിരുന്നെങ്കില്‍ പിന്നീട് അദ്ദേഹത്തിന്റെ നല്ല പെരുമാറ്റം കാരണം ടെന്‍ഷന്‍ മാറി, പക്ഷെ വിവാഹനിശ്ചയത്തിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നു. ഓരോ നിമിഷവും എനിക്ക് സങ്കടമായിരുന്നു. പൂജാമുറിയില്‍ പ്രാര്ഥിക്കുമ്പോഴും ഇത് വേണ്ട വേണ്ട എന്ന് മനസുപറഞ്ഞു. ഞാനത് കേള്‍ക്കുക മാത്രമാണ് ചെയ്തത്. ആദ്യം വീട്ടുകാരോടാണ് ചോദിച്ചത്, അവര്‍ക്ക് വിഷമം ആകരുതല്ലോ. ഇത് വേണ്ട എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിഷമം ആകില്ല മോള് തീരുമാനം എടുത്തോളൂ എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ആഗ്രഹവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടും അത്രയും വേദനിച്ചതു കൊണ്ടാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്. അതുകൊണ്ട് ഉടനേ ഏതായാലും മറ്റൊരു വിവാഹം ചിന്തയിലില്ല. എന്റെ സംഗീതത്തെയും കഴിവിനെയും അംഗീകരിക്കാന്‍ പറ്റുന്ന ആളാണെന്നു ബോധ്യപ്പെടണം. അങ്ങനെ ബോധ്യം വന്നാല്‍ ചിലപ്പോള്‍ ആലോചിച്ചേക്കാം. അല്ലെങ്കില്‍ വിവാഹം വേണ്ട എന്നു തീരുമാനിക്കും- വിജയലക്ഷ്മി പറയുന്നു.
തൃശൂര്‍ സ്വദേശി സന്തോഷായി മാര്‍ച്ച് 29 നായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിന് മുന്‍പ് വച്ച വ്യവസ്ഥകളില്‍ നിന്ന് സന്തോഷ് വ്യതിചലിച്ചതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്ന് വിജയലക്ഷിയും വീട്ടുകാരും പറഞ്ഞത്. വിവാഹശേഷം സംഗീത പരിപാടി നടത്താതെ സംഗീത അധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്നും സന്തോഷ് പറഞ്ഞിരുന്നത്രേ.