എം.സുരേഷ്ബാബു
തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബാർ ഉടമ ബിജു രമേശ് സിപിഎമ്മിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് എൽഡിഎഫ് കണ്വീനർ വൈക്കം വിശ്വൻ. ബിജു രമേശ് പറയുന്ന പോലെ ബാറുകൾ തുറന്ന് കൊടുക്കാമെന്ന് സിപിഎം നേതാക്കളോ താനോ ഉറപ്പ് നൽകിയിട്ടില്ലെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ബിജു രമേശിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനും കോടിയേരിയും ഒരുമിച്ചുള്ള സമയത്ത് ബിജുരമേശ് തന്നെ വന്ന് കണ്ടിട്ടില്ല. അതേസമയം ബാർകോഴ കേസുമായി ബന്ധപ്പെട്ട് കെ.എം.മാണിക്കെതിരെ നിയമപോരാട്ടം ശക്തമാക്കാൻ പോകുന്ന കാര്യം ഒരിക്കൽ തന്നെ വന്ന് കണ്ടപ്പോൾ ബിജുരമേശ് തന്നോട് പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോകാൻ താൻ ബിജു രമേശിനോട് പറഞ്ഞിരുന്നുവെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് വെളിപ്പെടുത്തി
. എന്നാൽ പരസ്പരം ഉപാധികൾ വയ്ക്കുകയൊ അങ്ങോട്ടും ഇങ്ങോട്ടും സഹായം ഒന്നും ആവശ്യപ്പെടുകയോ ചെയ്തിരുന്നുവെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ പുതിയ ആരോപണങ്ങളെക്കുറിച്ച് തങ്ങൾ എന്ത് പറയാനെന്നാണ് വൈക്കം വിശ്വൻ ചോദിക്കുന്നത്. കെ.എം.മാണിക്കെതിരെ കേസുമായി മുന്നോട്ട് പോയാൽ പൂട്ടിയ ബാറുകൾ തുറന്ന് കൊടുക്കാമെന്ന് സിപിഎം നേതൃത്വം ബിജു രമേശിന് ഉറപ്പ് നൽകിയെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം.മാണിക്കെതിരെയുള്ള ബാർക്കോഴ കേസുമായി മുന്നോട്ട് പോയാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പൂട്ടിയ ബാറുകൾ തുറന്ന് കൊടുക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരിട്ട് ഉറപ്പ് നൽകിയെന്നും ഇന്നലെ ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബിജു രമേശിന്റെ ആരോപണങ്ങൾക്കുള്ള പ്രതികരണമായാണ് വൈക്കം വിശ്വൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.